ഷെറിൻ മാത്യൂസ് കേസ്; വളർത്തച്ഛന്‍ വെസ്‌ലിക്കെതിരെ കൊലക്കുറ്റം; സിനിക്കെതിരെയും കേസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷെറിൻ മാത്യൂസ് കേസ്; വളർത്തച്ഛന്‍ വെസ്‌ലിക്കെതിരെ കൊലക്കുറ്റം; സിനിക്കെതിരെയും കേസ്

വളർത്തുമകൾ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിയായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു വളർത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നുള്ള വിവരങ്ങൾ വച്ചാണു കുറ്റം ചാർത്തിയിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും ഡാല്ലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഫെയ്ത് ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വെസ്‌ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റവും ചാർത്തിയിട്ടുണ്ട്. സിനിക്ക് രണ്ടു വർഷം മുതൽ 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ചേർത്തിട്ടുള്ളത്.  10,000 യുഎസ് ഡോളർ വരെ പിഴയും ഈടാക്കിയേക്കാം.

ദമ്പതികളുടെ നാലുവയസ്സുള്ള മകൾ ഇപ്പോൾ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണു കഴിയുന്നത്. കുട്ടിയുടെ സംരക്ഷണ വിഷയം ഈ മാസം അവസാനത്തേക്കേ കോടതി വാദം കേൾക്കൂ. വെസ്‌ലിക്കും സിനിക്കും കുട്ടിയെ വിട്ടുകൊടുക്കാൻ സാധ്യത കുറവാണ്. മാതാപിതാക്കളുടെ അവകാശം വരെ കോടതി എടുത്തുമാറ്റിയേക്കാം.

2017 ഒക്ടോബർ ഏഴിനു റിച്ചാർഡ്സനിലെ വസതിയിൽനിന്നു  കാണാതായെന്നു വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, ഒക്ടോബർ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയത്.