സിറിയയിൽ സൈന്യത്തിനുനേരെ  ഐഎസിന്‍റെ ഒളിയാക്രമണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിറിയയിൽ സൈന്യത്തിനുനേരെ  ഐഎസിന്‍റെ ഒളിയാക്രമണം

അമ്മാൻ∙ സിറിയയിൽ സൈന്യത്തിനുനേരെ ഒളിയാക്രമണം നടത്തി തിരിച്ചടിച്ച് ഐഎസ്. ഭീകരസംഘടനയുടെ അവസാന ശക്തികേന്ദ്രമായ അല്‍ബു കമൽ സൈന്യത്തിൽനിന്ന് ഐഎസ് തിരികെ പിടിച്ചു. ഇറാഖിന്റെ അതിർത്തിയിൽ യൂഫ്രട്ടീസ് നദീതീരത്തുള്ള അൽബു കമൽ പിടിക്കാനുള്ള പോരാട്ടത്തിൽ ഷിയ ഗ്രൂപ്പുകളും റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈന്യങ്ങളും സിറിയയെ സഹായിച്ചിരുന്നു. എന്നാൽ കനത്ത പോരാട്ടത്തിൽ അൽബു കമലിൽനിന്ന് സൈന്യം പിൻവാങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

മേഖലയിലെ പ്രശ്നങ്ങൾ നിരീക്ഷിക്കുന്ന സംഘടനകളും പ്രദേശവാസികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.  ഇറാഖ് അതിർത്തിയോടു ചേർന്നുള്ള മരുഭൂമിയിലേക്കു ഭീകരരെ തുരത്തിയെന്നായിരുന്നു സൈന്യത്തിന്റെ വാദം. ഇവരെ സൈന്യം പിന്തുടരുകയും ചെയ്തു. എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്ത് തുരങ്കങ്ങളിൽ ഒളിച്ചിരുന്ന ഭീകരർ അപ്രതീക്ഷിത ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ചാവേറുകളെ ഉപയോഗിച്ചാണ്  ഐഎസിന്റെ തിരിച്ചടി. ഒപ്പം റോക്കറ്റ് ആക്രമണവും. പിന്തിരിഞ്ഞോടിയെന്നു കബളിപ്പിക്കുകയും പിന്നീട് സൈന്യത്തെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഐഎസ് പ്രയോഗിച്ചത്. നിലവിൽ അൽബു കമലിന്റെ സമീപത്തുള്ള നഗരം കേന്ദ്രീകരിച്ച് കരയുദ്ധം ശക്തമാക്കുകയാണു സൈന്യം. റഷ്യ വ്യോമാക്രമണവും ശക്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അൽബു കമലിൽ നിന്ന് ഐഎസിനെ തുരത്തിയെന്നും ഒട്ടേറെ ഭീകരർ കീഴടങ്ങിയെന്നും സിറിയൻ സൈന്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു വർഷത്തോളം ഈ നഗരം ഐഎസിന്റെ പിടിയിലായിരുന്നു. അതേസമയം, അൽബു കമലിൽ റഷ്യ വ്യോമാക്രമണം തുടരുകയാണ്. ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 50 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.

ആക്രമണത്തില്‍ 20 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി റഷ്യ വ്യോമാക്രമണം തുടരുകയാണ്. പോരാട്ടം കനത്ത അൽബു കമലിൽ നിന്നു രക്ഷപ്പെട്ടോടുന്നവർക്കു നേരെയാണ് റഷ്യയുടെ ആക്രമണം. ഐഎസ് അൽബു കമാൽ തിരിച്ചു പിടിച്ചതിനെത്തുടർന്നാണ് അക്രമണം ഇപ്പോൾ ശക്തമാക്കിയിട്ടുള്ളത്.