തായ്‌ലാന്‍ഡ്‌: ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും രക്ഷപെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തായ്‌ലാന്‍ഡ്‌: ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും രക്ഷപെടുത്തി

ബാങ്കോക്ക്: തായ്‌ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി പുറത്തെത്തി. രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിനത്തില്‍ നാലു കുട്ടികളെയും കോച്ചിനേയുമാണ് പുറത്തെത്തിച്ചത്. 

ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് രാവിലെതന്നെ മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

അതേസമയം ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

തുടര്‍ച്ചയായി രണ്ട് ദിവസം മഴ പെയ്യാതെ മാറി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലായത്. 

ഞായറാഴ്ച പ്രാദേശികസമയം രാവിലെ 10നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തെ തന്നെ പ്രമുഖ മുങ്ങല്‍വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നത്.

കഴിഞ്ഞ ജൂണ്‍ 23നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും പരിശീലനം കഴിഞ്ഞുള്ള യാത്രയ്ക്കിടെ കനത്ത മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയത്. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന് ചളിയും മറ്റും നിറഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു.


LATEST NEWS