തായ്‌ലാന്‍ഡ്‌: രണ്ട് കുട്ടികളെ കൂടി പുറത്തെത്തിച്ചു; മൂന്നാംഘട്ട ദൗത്യം തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തായ്‌ലാന്‍ഡ്‌: രണ്ട് കുട്ടികളെ കൂടി പുറത്തെത്തിച്ചു; മൂന്നാംഘട്ട ദൗത്യം തുടരുന്നു

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 2 കുട്ടികളെ കൂടി പുറത്തെത്തിച്ചു. ഇനി കോച്ചും രണ്ടു കുട്ടികളുമാണ് ഗുഹയിലുള്ളത്. ഇവരെ ഇന്ന് തന്നെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. ഗുഹയില്‍ അകപ്പെട്ടു പോയതില്‍ അവശേഷിക്കുന്ന കുട്ടികളെ രക്ഷിക്കാനുള്ള മൂന്നാംഘട്ട ദൗത്യം തുടരുകയാണ്. 

അതേസമയം, രക്ഷപ്പെട്ട എട്ട് കുട്ടികളുടയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലുള്ള കുട്ടികള്‍ രാവിലെ കഴിക്കാന്‍ ചോക്ലേറ്റ് ബ്രഡ് ആവശ്യപ്പെട്ടിരുന്നതായും അവര്‍ക്ക് അത് നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഗുഹയിലുള്ള രണ്ടുപേരെ ഇതിനോടകം ചേംബര്‍ 3 യില്‍ എത്തിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഉടന്‍തന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുഹാമുഖത്ത് നിന്ന് 700 മീറ്റര്‍ ഉള്ളിലായി രക്ഷാപ്രവര്‍ത്തകര്‍ ഒരു യുദ്ധമുറി സജ്ജീകരിച്ചിട്ടുണ്ട്. ഓക്സിജന്‍ സിലിണ്ടറുകളും നീന്തല്‍ വസ്ത്രങ്ങളും ഭക്ഷണവും മരുന്നുമൊക്കെ കുട്ടികള്‍ക്ക് എത്തിക്കുന്നത് ഇവിടെ നിന്നാണ്. ഈ സുരക്ഷിത സ്ഥാനത്തേയാണ് ചേംബര്‍ 3 എന്നു പറയുന്നത്. 

തുടര്‍ച്ചയായി രണ്ട് ദിവസം മഴ പെയ്യാതെ മാറി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലായത്. കാലാവസ്ഥ പ്രതികൂലമാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ മഴ തുടര്‍ന്നാലും ബാക്കിയുള്ളവരെ ഇന്നുതന്നെ രക്ഷിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ദൗത്യസംഗം. ഗുഹയ്ക്കുള്ളില്‍ നിന്ന് വെള്ളം പുറത്ത് കളയാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ അകപ്പെട്ട് ജൂണ്‍ 23ന് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും കഴിഞ്ഞയാഴ്ചയാണ് കണ്ടെത്തിയത്. വൈല്‍ഡ് ബോര്‍സ് എന്ന ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ കോച്ചിനൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു. 


LATEST NEWS