തായ്‌ലന്‍ഡ്: ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പുനരാരംഭിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തായ്‌ലന്‍ഡ്: ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പുനരാരംഭിച്ചു

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ താംലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമിലെ ഒന്‍പത് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പുനരാരംഭിച്ചു. ഇന്നലെ ടീമിലെ നാലുകുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. രണ്ടുപേരെ ഗുഹമുഖത്തിനരികെയുള്ള സുരക്ഷിത കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. ചേംബര്‍ 3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിനു സമീപമാണ് ഇവരുള്ളത്. ഇതോടെ ഇന്നലെ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തിന് താല്‍ക്കാലിക വിരാമമായിരുന്നു. 

ഇന്ന് പുലര്‍ച്ചെയോടെയാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളെ ഹെലികോപ്റ്റര്‍ മാര്‍ഗം ചിയാങ് റായിലെ ആശുപത്രിയിലേക്കു മാറ്റി. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തേയാണ് കുട്ടികളെ പുറത്തെത്തിച്ചത്. പരിശീലകനെയും എട്ടു കുട്ടികളെയുമാണ് ഇനി പുറത്തെത്തിക്കാനുള്ളത്. കുട്ടികള്‍ക്കൊപ്പം ഗുഹയ്ക്കുള്ളിലുള്ള ഡോക്ടറുടെ നിര്‍ദേശാനുസരണം ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്.

കുട്ടികളുടെ ആദ്യ സംഘമാണ് ഇപ്പോള്‍ പുറത്തെത്തിയത്. എന്നാല്‍, ഒഴിഞ്ഞുനിന്ന മഴ വീണ്ടും പെയ്യാന്‍ തുടങ്ങിയത് ആശങ്കയുണര്‍ത്തുന്നുണ്ട്. മഴ തുടരുകയാണെങ്കില്‍ ഗുഹയ്ക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

ഞായറാഴ്ച പ്രാദേശികസമയം രാവിലെ 10നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തെ തന്നെ പ്രമുഖ മുങ്ങല്‍വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. 18 അംഗ മുങ്ങല്‍വിദഗ്ധ സംഘത്തില്‍ 13 പേര്‍ അന്താരാഷ്ട്രതലത്തിലെയും അഞ്ചുപേര്‍ തായ്‌ലന്‍ഡിലെയും വിദഗ്ധരാണ്. നാലു സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. സൈന്യം ഒഴികെയുള്ള എല്ലാവരെയും ഗുഹയുടെ പരിസരത്തു നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുമുണ്ട്. മുഴുവന്‍ പേരെയും പുറത്തെത്തിക്കുന്നതിന് ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്.

കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ ബഡ്ഡി ഡൈവിങ് എന്ന മാര്‍ഗമാണ് സ്വീകരിക്കുന്നത്. ഒരു മുങ്ങല്‍വിദഗ്ധന്‍ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്.
നിലവില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഓരോ കുട്ടിക്കുമൊപ്പം രണ്ട് ഡൈവര്‍മാര്‍ വീതമുണ്ടാവും. ഗുഹയ്ക്കു പുറത്തു നിന്ന് കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറു മണിക്കൂര്‍ വേണം; തിരിച്ചെത്താന്‍ അഞ്ചു മണിക്കൂറും.

വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തി വേണം കുട്ടികളെ പുറത്തെത്തിക്കാന്‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ മുങ്ങാംകുഴിയിട്ട് വേണം സഞ്ചരിക്കാന്‍. സംഘങ്ങളാക്കി തിരിച്ചാണ് ഗുഹയില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കുന്നത്. കോച്ച്‌ അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക. കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. 
നീന്തല്‍ വസ്ത്രങ്ങളും മാസ്‌ക്കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കും.
നീന്തലറിയാത്ത കുട്ടികള്‍ക്ക് കയറില്‍ പിടിച്ച്‌ വെള്ളത്തിനടിയിലൂടെ നീങ്ങാന്‍ സാധിക്കും. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 23നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും പരിശീലനം കഴിഞ്ഞുള്ള യാത്രയ്ക്കിടെ കനത്ത മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയത്. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന് ചളിയും മറ്റും നിറഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു.