അന്തരിച്ചത് ആധുനിക ഒമാന്റെ ശില്പി; 50 വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്ന ലോകത്തിലെ മൂന്നാമത്തെ ഭരാണാധികാരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അന്തരിച്ചത് ആധുനിക ഒമാന്റെ ശില്പി; 50 വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്ന ലോകത്തിലെ മൂന്നാമത്തെ ഭരാണാധികാരി

ഒമാൻ: ഇന്ത്യയുമായി സവിശേഷ ബന്ധം പുലര്‍ത്തിയ നേതാവാണ് അന്തരിച്ച ആധുനിക ഒമാന്റെ ശില്പി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്. ഇന്ന് പുലര്‍ച്ചയാണ് മരണ വിവരം ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തെ അവധിയും , നാല്പത് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട് . 1970 ല്‍ ഒമാന്റെ അധികാരം ഏറ്റെടുത്ത സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് 50 വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്ന ലോകത്തിലെ മൂന്നാമത്തെ ഭരാണാധികാരിയാണ് .

ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താന്‍ ആയി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരം ഏറ്റത്. ആ ദിനം രാജ്യം നവോത്ഥാനദിനമായി ആചരിച്ച് വരുന്നു. സമഗ്രമാറ്റങ്ങളുടെ ദിനങ്ങളായിരുന്നു പിന്നീട്. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏക മകന്‍ ആയി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. പൂനെയിലും സലാലയിലും പ്രാഥമിക വിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നത് അങ്ങനെയാണ്. ഇന്ത്യയുമായി അദ്ദേഹമെന്നും സവിശേഷ ബന്ധം പുലര്‍ത്തി പോന്നു. ഇന്ത്യന്‍ പ്രവാസികള്‍ എക്കാലവും അദ്ദേഹത്തിന് പ്രിയപ്പെട്ടവരാണ്. പിന്നീട് ലണ്ടനിലെ സ്‌റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ആധുനിക യുദ്ധ തന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യം നേടി. തുടര്‍ന്ന് പശ്ചിമ ജര്‍മ്മനിയിലെ ഇന്‍ഫന്‍്രടി ബറ്റാലിയനില്‍ ഒരു വര്‍ഷം സേവനം. വീണ്ടും ലണ്ടനില്‍ എത്തി ഭരണ ക്രമങ്ങളിലും രാഷ്ട്ര തന്ത്ര ശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം.

സ്ഥാനാരോഹണ ശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരു മാറ്റമായിരുന്നു. മസ്‌കറ്റ് ആന്റ് ഒമാന്‍ എന്ന പേര് മാറ്റി സുല്‍താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തം രാജ്യത്തെ ലോകത്തില്‍ അടയാളപ്പെടുത്തി. പിന്നീട് ഒമാന്റെ വളര്‍ച്ചയുടെ നാളുകള്‍ ആയിരുന്നു. ലോക രാജ്യങ്ങള്‍ക്കൊപ്പം ശക്തമായ സാന്നിധ്യമായി ഒമാന്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത് ഈ ഭരണാധികാരിയുടെ ശ്രമഫലമായാണ്.

വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനും ഏറെ ഊന്നല്‍ നല്‍കുന്നു ഈ രാജ്യം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ വികസന കുതിപ്പ് തന്നെ നടത്തി . ഇന്ന് ലോകത്തെ ഏതു വന്‍കിട രാജ്യത്തോടും കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഒമാന്‍ എന്ന കൊച്ചു രാജ്യത്തു ലഭിക്കും. അതിലുപരി മധ്യ പൗരസ്ത്യ ദേശത്തെ സമാധാനം കാത്തു സൂക്ഷിക്കുന്നതില്‍ സുല്‍ത്താന്‍ ഖാബൂസ് നടത്തിയ സേവനം എന്നും സ്മരിക്കപ്പെടും. മധ്യ പൗരസ്ത്യ ദേശത്തു യുദ്ധത്തിന്റെ കരിനിഴല്‍ പരക്കുന്ന സമയത്ത് നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത് സുല്‍ത്താന്‍ ഖാബൂസിന്റെ ഇടപെടലുകള്‍ ആയിരുന്നു. അമേരിക്ക-ഇറാന്‍ ആണവ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചത് സുല്‍ത്താന്‍ ഖാബൂസ് ആയിരുന്നു, ചര്‍ച്ചകള്‍ നടന്നത് ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ ആയിരുന്നു.

മതസ്വാതന്ത്യ്രത്തിന്റെ കാര്യത്തിലും ഉദാത്തമാണ് സുല്‍ത്താന്റെ നിലപാടുകള്‍. എല്ലാ ജനങ്ങള്‍ക്കും മത സ്വാതന്ത്യ്രം അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. നൂറ്റാണ്ട് പഴക്കമുള്ള ശിവക്ഷേത്രവും റുവിയിലെ ശ്രീകൃഷ്ണ ക്ഷേത്രവും ലേബര്‍ ക്യാമ്പുകള്‍ക്ക് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന അനേകം ഗുരുദ്വാരകളും എട്ടോളം ക്രിസ്തീയ ആരാധനാലയങ്ങളും ആ തുറന്ന മനസ്സിന്റെ നേര്‍ക്കാഴ്ചകളാണ്.

കലയെയും കുതിരപ്പന്തയത്തെയും ഇഷ്ടപ്പെടുന്ന ഈ ഭരണാധികാരി രാജ്യത്തെ മാറ്റിയത് ഭാവനാസമ്പൂര്‍ണ്ണമായ നേതൃത്വത്തിലൂടെയാണ്. അല്‍ മുതനബ്ബിയെയും ഷേക്‌സ്പയറിനെയും വായിക്കൂ എന്ന് യുവജനങ്ങളോട് ആഹ്വാനം ചെയ്യുകയും അറിവാണ് ഇക്കാലത്തിന്റെ ആയുധം എന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു സുല്‍ത്താന്‍ ഖാബൂസ് ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയുടെ വിയോഗം മൂലം ദുഃഖത്തില്‍ മലകളും കോട്ടകളും കാവല്‍ നില്‍ക്കുന്ന പ്രകൃതിസുന്ദരമായ ഈ രാജ്യം ഇന്ന് ദുഖഭരിതമാണ് .