സംയുക്ത സൈനികാഭ്യാസം; കിം-ട്രംപ് കൂടിക്കാഴ്ച നടക്കില്ലെന്നു സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംയുക്ത സൈനികാഭ്യാസം; കിം-ട്രംപ് കൂടിക്കാഴ്ച നടക്കില്ലെന്നു സൂചന

സോള്‍: ദക്ഷിണ കൊറിയയുമായി സംയുക്ത സൈനികാഭ്യാസം നടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കുമെന്ന് സൂചന. ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താനിരുന്ന കൂടിക്കാഴ്ച്ചയെ അമേരിക്ക ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്കിയിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തിയ സാഹചര്യത്തില്‍ ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഉത്തരകൊറിയ പിന്മാറിയിരുന്നു. ഇതിനു തൊട്ട് പിന്നാലെയാണ് അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ്. ഇരുരാജ്യങ്ങളും ഒന്നിച്ച് നടത്തിയ സൈനികാഭ്യാസം തങ്ങള്‍ക്കെതിരെയുള്ളതാണെന്നാണ് ഉത്തരകൊറിയ വിശ്വസിക്കുന്നത്.

സൈനികാഭ്യാസ നടപടി പ്രകോപനപരമാണെന്നും ട്രംപ്-കിം കൂടിക്കാഴ്ച്ചയുടെ കാര്യം മറന്നുള്ള പ്രവര്‍ത്തിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ദക്ഷിണകൊറിയയില്‍ നിന്നോ ഉത്തരകൊറിയയില്‍ നിന്നോ ഔദ്യോഗികമായി ഉണ്ടായിട്ടില്ലെന്നും കിം ജോങ് ഉന്നുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച്ച നടന്നേക്കില്ലെന്ന അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ദക്ഷിണകൊറിയയുമായുള്ള ചര്‍ച്ച നീട്ടിവയ്ക്കുകയാണെന്ന് കാണിച്ച് ഉത്തരകൊറിയ കഴിഞ്ഞദിവസം കത്തയച്ചിരുന്നു. അമേരിക്കയുമായി ചേര്‍ന്ന് നടത്തിയ സൈനികാഭ്യാസങ്ങളാണ് ചര്‍ച്ച റദ്ദ് ചെയ്യാന്‍ കാരണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.