‘ലെകിമ’ ചുഴലിക്കാറ്റിൽ മരിച്ചവർ 45 ആയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ‘ലെകിമ’ ചുഴലിക്കാറ്റിൽ മരിച്ചവർ 45 ആയി

ബെയ്ജിങ്: ചൈനയിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ‘ലെകിമ’ ചുഴലിക്കാറ്റിൽ മരിച്ചവർ 45 ആയി. 16 പേരെ കാണാനുണ്ട്. മണിക്കൂറിൽ 187 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ 3.64 ലക്ഷം ഹെക്ടറിലെ കൃഷി പാടേ നശിച്ചു. ഒട്ടേറെ വീടുകളും തകർന്നു. വടക്കു പടിഞ്ഞാറൻ മേഖലയിലേക്കു സഞ്ചരിക്കുന്ന കാറ്റ് വരുന്ന മണിക്കൂറുകളിൽ ദുർബലമാകും എന്നാണു പ്രതീക്ഷ.

3 മണിക്കൂറിനുള്ളിൽ 160 മില്ലിമീറ്റർ മഴ പെയ്ത ഷെ‍ൻജിയാങ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിലാണു കൂടുതൽ മരണവും. ഇവിടെ മാത്രം 12.6 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ഷാങ്ഹായ് നഗരത്തിൽ 2.53 ലക്ഷം പേരെ ഒഴിപ്പിച്ചു. 3,200 വിമാന സർവീസുകൾ റദ്ദാക്കി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടു. ചൈനയിൽ ഈ വർഷം വീശുന്ന ഒൻപതാമത്തെ ചുഴലിക്കാറ്റാണിത്.