വീസ ഫീസ് ഇല്ലാതെ 48 മണിക്കൂർ : ഇടത്താവളമാകാന്‍ യുഎഇ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വീസ ഫീസ് ഇല്ലാതെ 48 മണിക്കൂർ : ഇടത്താവളമാകാന്‍ യുഎഇ

യുഎഇ: വീസ നിയമ മാറ്റങ്ങള്‍ക്കു യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.ഫീസ് നൽകാതെ, രാജ്യാന്തര യാത്രക്കാർക്ക് 48 മണിക്കൂർ യുഎഇയിൽ ചെലവഴിക്കാൻ അനുമതി . 50 ദിർഹം (ഏകദേശം 900 രൂപ) ഫീസ് നൽകിയാൽ യുഎഇയിൽ രാജ്യാന്തര യാത്രക്കാർക്ക് 96 മണിക്കൂർവരെ ചെലവഴിക്കാനും അനുമതിയുണ്ട്. നിയമമാറ്റം വൈകാതെ പ്രാബല്യത്തിലാകും.ഇത് വിനോദ സഞ്ചാര രംഗത്തു കൂടുതൽ കുതിപ്പുണ്ടാക്കുമെന്ന് വിദഗ്ധർ.

 

ട്രാൻസിറ്റ് യാത്രക്കാർക്ക് 50 ദിർഹം ചെലവിട്ടാൽ നാലുദിവസം യുഎഇയിൽ ചെലവഴിക്കാമെന്ന സാഹചര്യമാണ് ഇതോടെയുണ്ടാകുന്നത്. ദുബായിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരിൽ 70 ശതമാനവും ദീർഘ യാത്രയ്ക്കിടെ ഇവിടെ ഇറങ്ങുന്നവരാണ്. അബുദാബിയിലും ഇത്തരം ധാരാളം യാത്രക്കാർ എത്തുന്നുണ്ട്. സേവനമികവിൽ മുന്നിൽനിൽക്കുന്ന വിമാന സർവീസുകളായ.എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവ ലോകത്തെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം സർവീസ് നടത്തുന്നതും രാജ്യാന്തര യാത്രയിൽ അവയ്ക്ക് യുഎഇയിൽ ‘സ്റ്റോപ്പ് ഓവർ’ ഉള്ളതുമാണ് കാരണം.

പുതിയ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ പ്രമുഖ ഇടത്താവളമായി യുഎഇ മാറും.യുഎസ്, യുകെ പൗരൻമാർക്ക് യുഎഇ ‘ഓൺ അറൈവൽ’ വീസ സൗകര്യം ഇപ്പോൾ നൽകുന്നുണ്ട്. എന്നാൽ ഇന്ത്യ, പാക്കിസ്ഥാൻ, ചില അറബ് രാജ്യങ്ങൾ, ആഫ്രിക്കൻ, ദക്ഷിണ അമേരിക്കൻ രാജ്യക്കാർക്ക് ഈ സൗകര്യമില്ല. മുൻകൂട്ടി എടുത്ത സന്ദർശക വീസയുണ്ടെങ്കിൽ മാത്രമേ ഇവർക്ക് യുഎഇയിൽ പ്രവേശനമുള്ളൂ. അമേരിക്കൻ വീസയുള്ള ഇന്ത്യക്കാർക്ക് ഈയിടെ ഓൺഅറൈവൽ വീസ സൗകര്യം യുഎഇ അനുവദിച്ചെങ്കിലും മറ്റു രാജ്യങ്ങളിൽനിന്നാണെങ്കിൽ ഈ ആനുകൂല്യമില്ല.

 

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ വീസയ്ക്കു ട്രാവൽ ഏജൻസി കമ്മിഷൻ അടക്കം 300 മുതൽ 350 (ഏകദേശം 65 00 രൂപ) ദിർഹംവരെയാണ് ചെലവ് വരുന്നത്. ഈ തുക ലാഭിക്കാമെന്നതാണ് പുതിയ നയത്തിന്റെ മെച്ചം. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായിൽ ട്രാൻസിറ്റ് യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കാൻ ഒട്ടേറെ സേവനകേന്ദ്രങ്ങളും ആരംഭിക്കുന്നുണ്ട്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ദുബായ് വിമാനത്താവളം വഴി കഴിഞ്ഞവർഷം യാത്ര ചെയ്തത് 8.82 കോടി ആളുകളാണ്.