ഉത്തര കൊറിയയ്ക്കെതിരെ ഉപരോധം ശക്തമാക്കിക്കൊണ്ടുള്ള പ്രമേയം യുഎന്‍ രക്ഷാ സമിതി പാസാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തര കൊറിയയ്ക്കെതിരെ ഉപരോധം ശക്തമാക്കിക്കൊണ്ടുള്ള പ്രമേയം യുഎന്‍ രക്ഷാ സമിതി പാസാക്കി

യുണൈറ്റഡ് നേഷന്‍സ്: ഉത്തര കൊറിയയ്ക്കെതിരെ ഉപരോധം ശക്തമാക്കിക്കൊണ്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതി ഏകകണ്ഠമായി പാസ്സാക്കി. സെപ്റ്റംബര്‍ മൂന്നിന് നടത്തിയ ആണവായുധ പരീക്ഷണത്തിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ ടെക്സ്‌റ്റൈല്‍ കയറ്റുമതിക്കും ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രമേയം പാസ്സാക്കിയിരിക്കുന്നത്.


കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കുള്ള ഉപരോധം കൂടാതെ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി പ്രതിവര്‍ഷം 20 ലക്ഷം ബാരല്‍ ആക്കി നിയന്ത്രിക്കുകയും ഉത്തരകൊറിയയില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ അനുമതി നല്‍കുന്നതില്‍നിന്ന് മറ്റു രാജ്യങ്ങളെ തടയുകയും ചെയ്തിട്ടുണ്ട്. ആണവായുധ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഉത്തര കൊറിയയ്ക്കെതിരെ 2006 മുതല്‍ യുഎന്‍ പാസ്സാക്കുന്ന ഒന്‍പതാമത്തെ പ്രമേയമാണ് തിങ്കളാഴ്ചത്തേത്.

ഇതുവരെ ഉത്തര കൊറിയയ്ക്കെതിരായി സ്വീകരിച്ചിട്ടുള്ളതില്‍ ഏറ്റവും ശക്തമായ നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎസ് അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു. എന്നാല്‍ എല്ലാ രാജ്യങ്ങളും കൃത്യമായി തീരുമാനം നടപ്പാക്കിയാല്‍ മാത്രമേ നടപടിയുടെ പ്രയോജനം ലഭിക്കൂ എന്നും അവര്‍ വ്യക്തമാക്കി. വോട്ടെടുപ്പിനു ശേഷം സുരക്ഷ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഉത്തര കൊറിയയുമായി ഒരു യുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ല. ഉത്തരകൊറിയയ്ക്ക് ഇനിയും സമാധാനത്തിന്റെ മാര്‍ഗത്തിലേയ്ക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ഫലമായാണ് ഉത്തരകൊറിയയ്ക്കെതിരായ ഇപ്പോളത്തെ നടപടിയ്ക്ക് വഴിയൊരുങ്ങിയതെന്ന് നിക്കി ഹാലെ പറഞ്ഞു.


LATEST NEWS