ട്രംപിനെ അട്ടിമറിക്കുന്നതിനായി തന്റെ സഹായം തേടി; നിക്കി ഹാലെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രംപിനെ അട്ടിമറിക്കുന്നതിനായി തന്റെ സഹായം തേടി; നിക്കി ഹാലെ

വാഷിംഗ്ടൺ: മുൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും വൈറ്റ് ഹൗസ് മുൻ ചീഫ് ജോൺ കെല്ലിയും പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ അട്ടിമറിക്കുന്നതിനായി തന്റെ സഹായം തേടിയെന്ന് ഇന്ത്യൻ വംശജയും ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയുമായിരുന്ന നിക്കി ഹാലെ. ഓർമക്കുറിപ്പുകളായ ‘With All due respect’ എന്ന പുസ്തകത്തിലാണ് ഹാലെ ഇക്കാര്യം പറയുന്നത്. രാജ്യത്തെ രക്ഷിക്കുന്നതിനുവേണ്ടിയാണ് സഹായം തേടുന്നതെന്ന് റെക്സ് ടില്ലേഴ്സണും ജോൺ കെല്ലിയും പറഞ്ഞതായി നിക്കി ഹാലെ പുസ്തകത്തിൽ പറയുന്നു. പ്രസിഡന്റിനെ തടഞ്ഞില്ലെങ്കിൽ ജനങ്ങൾ കൊല്ലപ്പെടുമെന്ന് ടില്ലേഴ്സൺ പറഞ്ഞതായും നിക്കി ഹാലെ പുസ്തകത്തിൽ പറയുന്നുണ്ട്. പുസ്തകം നാളെ പുറത്തിറങ്ങും.

പ്രസിഡന്റിനോട് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് അദ്ദേഹത്തോട് തുറന്നു പറയുകയാണ് വേണ്ടത്. എന്നിട്ടും അദ്ദേഹം ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ജോലി രാജിവെക്കണം. അല്ലാതെ പ്രസിഡന്റിനെ അട്ടിമറിക്കാനല്ല ശ്രമിക്കേണ്ടതെന്നും അത് ഏറെ അപകടകരമാണെന്നും നിക്കി ഹാലെ സിബിഎസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ അവരുടെ ആവശ്യങ്ങൾ നിരസിച്ചു. പ്രസിഡന്റിനെ അട്ടിമറിക്കുന്നത് ഭരണാഘടനാവിരുദ്ധവും രാജ്യതാൽപര്യത്തിന് എതിരുമാണെന്നും ഹാലെ പറഞ്ഞു.

ഇറാനുമായുള്ള ആണവ കരാറിൽ നിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നും പിൻവാങ്ങാനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ മറ്റുള്ളവർ എതിർത്തപ്പോൾ താൻ പിന്തുണച്ചു. എന്നാൽ 2017ൽ ഹെൽസിങ്കിയിൽ വെച്ച് നടന്ന ഉച്ചകോടിയിൽ ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ കൈകാര്യം ചെയ്ത രീതിയോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്നും ഹാലെ പറഞ്ഞു.

എന്നാൽ നിക്കി ഹാലെയുടെ ആരോപണത്തോട് ഇതുവരെയും റെക്സ് ടില്ലേഴ്സൺ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റിന് നിയമപരവും ധാർമ്മികവുമായ നിർദേശങ്ങൾ നൽകിയാൽ അത് ട്രംപിന് എതിരായി വ്യാഖ്യാനിക്കുകയും കുറ്റക്കാരനാക്കുകയുമാണ് ചെയ്യുന്നതെന്ന് ജോൺ കെല്ലി പറഞ്ഞു. അതേസമയം, ഹാലെയുടെ പുസ്തകത്തിന് ആശംസകളറിയിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. പുസ്തകം വാങ്ങാനും വായിക്കാനും തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.


LATEST NEWS