അഗ്നിപർവത വിസ്ഫോടനത്തില്‍ രൂപപ്പെട്ട കുഴിയിൽ വീണ് പതിനൊന്നുകാരനും മാതാപിതാക്കളും മരിച്ചു.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഗ്നിപർവത വിസ്ഫോടനത്തില്‍ രൂപപ്പെട്ട കുഴിയിൽ വീണ് പതിനൊന്നുകാരനും മാതാപിതാക്കളും മരിച്ചു.

റോം∙ അഗ്നിപർവത വിസ്ഫോടനത്തെത്തുടർന്നു രൂപപ്പെട്ട കുഴിയിൽ വീണ് പതിനൊന്നു വയസ്സുകാരനും മാതാപിതാക്കളും മരിച്ചു. ഇറ്റലിയിലെ പോസ്സുവോലിയിലാണ് സംഭവം. ഇറ്റലിയിലെ വെനീസ് പ്രവിശ്യയിലുള്ള മിയോളയിൽനിന്നെത്തിയ ടിസിയാന സാറമെല്ല (42), ഭർത്താവ് മാസ്സിമിലിയാനോ കാറെർ (45) മകൻ ലോറെൻസോ എന്നിവരാണ് മരിച്ചത്. അവധി ആഘോഷത്തിന്റെ അവസാന ദിവസമായിരുന്നു കുടുംബത്തെ ദുരന്തത്തിലാക്കിയത്.

പോസ്സുവോലിയിൽ‌ സൊൾഫാടാറയ്ക്കു സമീപം നിരോധിത മേഖലയിൽ പ്രവേശിച്ച കുട്ടിയാണ് ആദ്യം കുഴിയിൽ വീണത്. ഇവിടെ നിഷ്ക്രിയമായ അഗ്നിപർവതമുണ്ട്. അതിനു സമീപമുള്ള കുഴിയിലാണ് കുട്ടി വീണത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മാതാപിതാക്കളും കുഴിയിൽ വീണു. ഇവരുടെ ഏഴുവയസ്സുകാരനായ മകൻ അലെസ്സിയോയുടെ കരച്ചിൽകേട്ടാണു രക്ഷാപ്രവർത്തകരെത്തിയത്.

ഒന്നരമീറ്റർ ആഴമുള്ള കുഴിയിലാണ് വീണത്. ചൂടേറിയ ലാവയിൽ വീണതുകൊണ്ടാണോ അഗ്നിപർവതത്തിൽനിന്നുള്ള സർഫർ വാതകം മൂലമാണോ ഇവരുടെ മരണമെന്നു വ്യക്തമല്ല. അതേസമയം, മകനെ രക്ഷിക്കാൻ പിതാവാണ് ആദ്യം ഓടിയെത്തിയത്. അദ്ദേഹം കുഴിയിലേക്കു വീഴുന്നതു കണ്ട് അമ്മ എത്തിയപ്പോൾ അവിടം ഇടിഞ്ഞുപോവുകയുമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 1198ലാണ് അഗ്നിപർവതം അവസാനമായി തീതുപ്പിയത്. എന്നാൽ സൾഫർ വാതകം അഗ്നിപർവതം സ്ഥിരമായി പുറത്തുവിടുന്നുണ്ടായിരുന്നു. വീണ്ടുമൊരു പൊട്ടിത്തെറിക്ക് അഗ്നിപർവതം തയാറാകുകയാണെന്ന് അടുത്തിടെ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു.