ജൂലിയൻ അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജൂലിയൻ അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ

ലണ്ടൻ: യുഎസ് ഒളിപ്പിച്ച രഹസ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകൊടുത്ത വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. ഇതു സംബന്ധിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 ഡോക്ടർമാർ ഒപ്പിച്ച കത്ത് ബ്രിട്ടിഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലിനു കൈമാറി. കത്തിന്റെ പകർപ്പ് വിക്കിലീക്ക്സും പുറത്തുവിട്ടിട്ടുണ്ട്. അസാൻജിനെ ജയിലിൽ നിന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റണമെന്നാണ് ആവശ്യം.  കൃത്യമായി വൈദ്യസഹായം ഏര്‍പ്പെടുത്തിയില്ലെങ്കിൽ ജയിലിയിൽ ഏതുനിമിഷവും അസാൻജിന്റെ മരണം സംഭവിക്കാം. 2020 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന വിചാരണയ്ക്ക് എത്താൻ നിലവിലെ സാഹചര്യത്തിൽ അസാന്‍ജിനു സാധിക്കുമോ എന്ന കാര്യത്തിൽ പോലും സംശയമാണെന്നും കത്തിൽ പറയുന്നു.

തെക്കുകിഴക്കൻ ലണ്ടനിലെ കുപ്രസിദ്ധമായ ബെൽമഷ് ജയിലിലാണ് അസാൻജിനെ പാർപ്പിച്ചിരിക്കുന്നത്. ജയിലിനകത്തു നടക്കുന്ന കാര്യങ്ങളൊന്നും പുറത്തറിയാതെ അതീവ രഹസ്യമാക്കി സൂക്ഷിക്കുന്നതാണ് ഈ ജയിൽ. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ അസാൻജ് ഇവിടെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചു യാതൊരു വിവരവും ഇതുവരെ പുറത്തുവന്നിട്ടുമില്ല. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കത്തയച്ചിരിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ അസാൻജിനെ അലട്ടുന്നുണ്ട്. പല്ലുകൾക്കും പ്രശ്നമുണ്ട്. ചുമലിലെ വേദനയ്ക്കും ഇതുവരെ ചികിത്സ നൽകിയിട്ടില്ല.

ഈ സാഹചര്യത്തിൽ എല്ലാ സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുമുള്ള ഒരു യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്ററിലേക്ക് അസാൻജിനെ മാറ്റണമെന്നാണ് ആവശ്യം. ശാരീരികവും മാനസികവുമായ ചികിത്സ അസാന്‍ജിന് ഉറപ്പാക്കണം. അടിയന്തരമായി ഇതു നടപ്പാക്കണം, സമയം ഒട്ടും കളയാനില്ലെന്നും കത്തിൽ പറയുന്നു. യുകെ, ഓസ്ട്രേലിയ, യൂറോപ്പ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

നാൽപത്തിയെട്ടുകാരനായ അസാൻജിനെതിരെ സ്വീഡനിലുണ്ടായിരുന്ന പീഡനക്കേസ് അടുത്തിടെ റദ്ദാക്കിയിരുന്നു. രണ്ടു പെൺകുട്ടികളെ സ്റ്റോക്കോമിൽ വച്ചു 2010ൽ പീഡിപ്പിച്ചെന്നായിരുന്നു കേസ്. യുഎസിന്റെ രഹസ്യരേഖകൾ പെന്റഗണിൽ നിന്നു കടത്തിയത് ഉൾപ്പെടെ 18 കേസുകളാണ് ഇദ്ദേഹത്തിനെതിരെ നിലവിലുള്ളത്. ഇവ തെളിയിക്കപ്പെട്ടാൽ യുഎസ് നിയമപ്രകാരം 175 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

മുൻ യുഎസ് ആർമി ഇന്റലിജൻസ് അനലിസ്റ്റ് ചെൽസിയ മാനിങ്ങിനൊപ്പം ചേർന്ന് ആയിരക്കണക്കിന് രഹസ്യരേഖകൾ പുറത്തുവിട്ട കേസും ഇതോടൊപ്പമുണ്ട്. ചെൽസിയ 2017 മേയിൽ ജയിൽമോചിതയായിരുന്നു.  2019 ഏപ്രിൽ മുതൽ ലണ്ടനിലെ ജയിലിലാണ് അസാൻജ്. 2010ല്‍ യുഎസ് സര്‍ക്കാരിന്റെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്‌സില്‍ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്ന ഇദ്ദേഹം 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി വരികയായിരുന്നു.