കാലിഫോര്‍ണിയയില്‍ കാട്ടുതീ; 10 പേര്‍ മരിച്ചു; 1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാലിഫോര്‍ണിയയില്‍ കാട്ടുതീ; 10 പേര്‍ മരിച്ചു; 1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു

കാലിഫോര്‍ണിയ: കാറ്റു മൂലം കാട്ടു തീ നാട്ടിലേക്ക് പടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ 10 മരണം. 1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു.വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്‍ട്രിയാണ് കാട്ടു തീയില്‍ കത്തിയമര്‍ന്നത്.

ഞായറാഴ്ച രാത്രിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നാപ, സനോമ, മെന്‍ഡോസിനോ, യുബ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവുമധികം നാശം വിതച്ചത്. 5000 ഏക്കറോളം മുന്തിരിത്തോട്ടം തീപിടിത്തത്തില്‍ കത്തി നശിച്ചു. നാപയും സനോമയും ഉള്‍പ്പെടെ എട്ട് കൗണ്ടികളില്‍ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചതായി സനോമ കൗണ്ടി ഷെരീഫ് റോബ് ഗിയോര്‍ദാനോ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.സനോമയില്‍ ഏഴും നാപയില്‍ രണ്ടും മെന്‍ഡോസിനോയില്‍ ഒരാളുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വൈന്‍ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കും തീ പിടിത്തത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.10,000 ഏക്കര്‍ ഭൂമി പൂര്‍ണമായി കത്തിനശിച്ചെന്ന് അഗ്നിശമനസേനയുടെ വെബ്‌സൈറ്റില്‍ അറിയിച്ചു. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഞായറാഴ്ച്ച രാത്രി എവിടെയാണ് കാട്ടു തീ ആരംഭിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കാട്ടു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


LATEST NEWS