​ഊരുവിലക്കിനെ ഭയന്ന് മാനഭം​ഗം മറച്ചു വച്ച് സ്ത്രീകൾ; ആഫ്രിക്കയിലെ സ്ത്രീകൾ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

​ഊരുവിലക്കിനെ ഭയന്ന് മാനഭം​ഗം മറച്ചു വച്ച് സ്ത്രീകൾ; ആഫ്രിക്കയിലെ സ്ത്രീകൾ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങൾ

തീവ്രവാദികൾ ഗ്രാമത്തിൽ നിന്നു സ്ത്രീകളെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നു റിപ്പോർട്ട്. വർഷങ്ങളായി ആഭ്യന്തര സംഘർഷം തുടരുന്ന മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ നിന്നാണു റിപ്പോർട്ട്. സംഭവം പുറംലോകത്തെത്തിയാൽ സ്വന്തം വിഭാഗത്തിൽ നിന്നുതന്നെ ഊരുവിലക്കുണ്ടാകുമെന്നു കരുതി പലരും പീഡനവിവരം പുറത്തറിയിച്ചിട്ടില്ല. ഫെബ്രുവരി 17നു നടന്ന അതിക്രമത്തിൽ പത്തു പേർ ചികിൽസ തേടിയെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.


ഇതേത്തുടർന്നു കൂടുതൽ പേർക്കു സഹായം എത്തിക്കാനൊരുങ്ങുകയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്(എംഎസ്എഫ്) എന്ന സന്നദ്ധ കൂട്ടായ്മ അറിയിച്ചു. രാജ്യത്തു വർഷങ്ങളായി തുടരുന്ന ക്രിസ്ത്യൻ–മുസ്‌ലിം സംഘര്‍ഷത്തിന്റെ തുടർച്ചയായാണു സംഭവം. എന്നാൽ ഏതു വിഭാഗക്കാരാണ് അക്രമത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ല.കിരിവിരി എന്ന ഗ്രാമത്തിലാണു സംഭവം. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ വടക്കുപടിഞ്ഞാറു ഭാഗത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന ഗ്രാമങ്ങളിലൊന്നാണിത്. കൃഷിയിടങ്ങളിലേക്കുള്ള വെള്ളം ശേഖരിക്കാൻ പോകുന്നതിനിടെയാണ് സായുധ സംഘമെത്തി യുവതികളെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ക്യാംപിൽ താമസിപ്പിച്ച് ഇവരെ നാളുകളോളം പീഡനത്തിനു വിധേയരാക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചവരെയും തീവ്രവാദികൾ പിടികൂടി പീഡനത്തിനിരയാക്കി.

സമീപത്ത് ആശുപത്രികളൊന്നുമില്ലാത്തതിനാൽ പലരും സംഭവം നടന്നിട്ടും ചികിത്സ തേടിയില്ല. മാത്രവുമല്ല, ആശുപത്രിയിലേക്കു പോകുംവഴി ആക്രമണത്തിനുള്ള സാധ്യതയുമുണ്ടായിരുന്നു. രണ്ടാഴ്ചയ്ക്കൊടുവിലാണു പത്തു പേരെങ്കിലും ആശുപത്രിയിലെത്തിയത്. പലർക്കും അണുബാധയേറ്റിരുന്നു. സ്വന്തം വിഭാഗക്കാർ ഊരുവിലക്ക് ഏർപ്പെടുത്തുമെന്നു ഭയന്ന് പലരും വീടുകളില്‍ത്തന്നെ പീഡനവിവരം മറച്ചുവച്ച് ഒളിച്ചിരിക്കുകയാണെന്നും രക്ഷപ്പെട്ടെത്തിയവർ പറയുന്നു. ചിലർ പീഡനത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തരായിട്ടില്ല. സംഭവത്തെക്കുറിച്ച് പറയാൻ പോലും മടിക്കുകയാണിവർ.

 

 ചില പെൺകുട്ടികളുടെ ശരീരത്തിൽ ബ്ലേഡു കൊണ്ടു കീറിവരഞ്ഞ അടയാളങ്ങളാണു നിറയെ. ഞെട്ടിക്കുന്ന അനുഭവം എന്നാണു യുവതികൾക്കു ചികിത്സ നൽകിയ ഡോക്ടർമാരും പറഞ്ഞത്.2013ൽ പ്രസിഡന്റ് ഫ്രാൻസ്വാ ബോസിസിനെ വിമതർ പുറത്താക്കിയതു മുതലാണ് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ വർഗീയ ലഹള ശക്തമായത്. ബോസിസ് കോംഗോയിലേക്കു രക്ഷപ്പെട്ടു. പിന്നാലെ മുസ്‌ലിം സെലെക്ക വിമതർ അധികാരം പിടിച്ചെടുത്തു. ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്. പ്രസിഡന്റ് പലായനം ചെയ്തതിനു ശേഷം ക്രിസ്ത്യൻ–മുസ്‍ലിം വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതീവ രൂക്ഷമാകുകയായിരുന്നു.

 ക്രിസ്ത്യൻ തീവ്രവാദ വിഭാഗക്കാരും മുസ്‌ലിം സെലക്ക വിഭാഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ജനജീവിതവും തകർന്നു.സംഭവത്തിൽ ഇടപെട്ട ഐക്യരാഷ്ട്ര സംഘടന യുഎൻ സമാധാന സേനയെ ഇങ്ങോട്ടേക്കയച്ചിരുന്നു. എന്നാൽ പീഡനക്കേസിൽ രണ്ടു സമാധാന സേനാംഗങ്ങളും കുടുങ്ങി. നിലവിൽ ഇരുപതിനായിരത്തോളം യുഎൻ സേനാംഗങ്ങളുണ്ട് ഇവിടെ. എന്നിട്ടും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും ക്രിസ്ത്യൻ വിമത സംഘത്തിന്റെ കയ്യിലാണ്. ഈ സായുധ സംഘമാണോ നിലവിലെ കൂട്ടമാനഭംഗത്തിനു പിന്നിലെന്നു കണ്ടെത്താനായിട്ടില്ല.  ഈ വർഷം തന്നെ ഓരോ മാസവും മുന്നൂറോളം പേരാണ് ആശുപത്രികളിൽ ലൈംഗിക പീഡനമേറ്റു ചികിത്സ തേടിയെത്തിയത്.