സർവാംഗാസനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സർവാംഗാസനം

സർവാംഗാസനം മനുഷ്യശരീരവ്യവസ്ഥയുടെ ശാന്തമായ, സന്തുലിതമായ അവസ്ഥയ്ക്ക് കാരണമാകുന്നു. ശരീരത്തിലെ എല്ലാ ഭാഗങ്ങൾക്കും ഈ യോഗാസനം പ്രയോജനകരമായതുകൊണ്ടാണ് സർവാംഗാസനം എന്നു പേരു വന്നത്. മനുഷ്യശരീരത്തിലുണ്ടാകുന്ന പല രോഗങ്ങൾക്കും മറുമരുന്നാണ് സർവാംഗാസനം. അരമണിക്കൂർ ധ്യാനിക്കുമ്പോൾ മസ്തിഷ്കത്തിലുണ്ടാകുന്ന തരംഗമാറ്റം (ശാന്തത) അഞ്ച് മിനിറ്റ് സർവാംഗാസനത്തിൽ ലഭിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ത്രിമൂർത്തികളിൽ (ശീർഷാസനം, സർവാംഗാസനം, പശ്ചിമോത്ഥനാസനം) ഒന്നായ സർവാംഗാസനം ശരീരത്തെ പരിപൂർണ ആരോഗ്യത്തിലെത്തിക്കുന്നു. കഴുത്തുവേദന, നട്ടെല്ലു സംബന്ധമായ അസുഖങ്ങൾ, വാതം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ യോഗാചാര്യന്റെ നിർദേശപ്രകാരം സർവാംഗാസനം ചെയ്യുക.

സർവാംഗാസനം എങ്ങനെ ചെയ്യാം

മലർന്നു കിടക്കുക. കൈകൾ ശരീരത്തിന്റെ ഇരുവശവും കമിഴ്ത്തി വയ്ക്കുക.ശ്വാസമെടുത്തു കൊണ്ട് മുട്ടുമടക്കാതെ രണ്ടുകാലുകളും ഉയർത്തുക.കാലുകൾക്കൊപ്പം അരക്കെട്ടും ഉയർത്തുക. തോളുകൾ വരെ ഉയർത്തുക. തലയുടെയും കഴുത്തിന്റെയും പിൻഭാഗവും തോൾഭാഗവും നിലത്തു പതിഞ്ഞിരിക്കണം.പുറംഭാഗത്ത് രണ്ടു കൈകൾ കൊണ്ട് താങ്ങ് കൊടുക്കണം. ശരീരഭാരം മുഴുവനും തോളിലായിരിക്കണം. സാവധാനം സുഖകരമായ രീതിയിൽ ദീർഘമായി ശ്വാസമെടുക്കുക. ശരീരം ആടരുത്. ആസനം കഴിയുമ്പോൾ കാലുകൾ സാവധാനം ശ്രദ്ധയോടു കൂടി താഴോട്ടു കൊണ്ടുവരണം.യോഗ ശീലമാക്കിയവർ സർവാംഗാസനത്തിൽ നിന്ന് നേരിട്ട് ഹലാസനത്തിലേക്കും പിന്നീട് ഹലാസനത്തിന്റെ വിപരീത ആസനമായ സേതുബന്ധാസനവും അവസാനം മത്സ്യാസനവും ചെയ്യുന്നുണ്ട്. തുടക്കക്കാർക്ക് സർവാംഗാസനം കഴിഞ്ഞ് നേരിട്ട് മത്സ്യാസനം ചെയ്യാം.


LATEST NEWS