ശവാസനം എളുപ്പമല്ലേന്ന് തോന്നും..പക്ഷേ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശവാസനം എളുപ്പമല്ലേന്ന് തോന്നും..പക്ഷേ?

യോഗയുടെ അടിസ്ഥാനമാണിത്. യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ശവാസനത്തോടു കൂടിയാവണം. ജീവൻ ഉണ്ട്, ബോധവും ഉണ്ട്; പക്ഷേ, ശരീരം ഇല്ലെന്നു തോന്നിക്കുന്ന അവസ്‌ഥ. മനസ്സിനെ പ്രശാന്തമാക്കിയിടുന്ന ആസനമാണിത്. പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതാണ്. പക്ഷേ, അടിസ്‌ഥാനമായി ഇതു പരിശീലിച്ചിരിക്കണം. ശരീരത്തിനും മനസ്സിനും ക്ഷീണം തോന്നുന്ന ഏത് അവസ്‌ഥയിലും എവിടെവച്ചും ചെയ്യാവുന്ന ഒരു റിലാക്‌സേഷൻ ടെക്‌നിക് ആണിത്. പല പോസുകളിൽ ചെയ്യാം. തുടക്കക്കാർക്കുള്ള ലളിതമായ രീതിയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

 

ചെയ്യുന്ന വിധം

തലയും ശരീരവും നേർരേഖയിൽ വരത്തക്കവിധം നീണ്ടുനിവർന്നു കിടക്കുക. കാലുകൾ തമ്മിൽ ഒന്ന്–ഒന്നരയടി അകറ്റിവയ്‌ക്കണം. കൈകളും വാരിയെല്ലിൽ മുട്ടാത്തവിധം അൽപം അകറ്റി കൈപ്പത്തി മലർത്തിയിടുക. ശരീരത്തിന്റെ ഒരു ഭാഗത്തും ബലം കൊടുക്കരുത്. കാൽവിരലുകൾ മുതൽ കൈവിരലുകൾ വരെ വലിച്ചുകുടഞ്ഞു തളർത്തിയിടുക. സൗകര്യത്തിനനുസരിച്ചു കഴുത്ത് അയച്ചു തല നേരെയോ ഒരു വശത്തേക്കു ചരിച്ചോ വയ്‌ക്കാവുന്നതാണ്. കൺപോളകൾക്കു ബലം കൊടുക്കാതെ കണ്ണുകൾ അടയ്‌ക്കുക. ചുണ്ടുകളും പല്ലുകളും അൽപം അകറ്റി മുഖത്തെ പേശികളും അയച്ചിടണം.

 

ചുറ്റുപാടുകളെ മറക്കാനും ചിന്തകൾ മനസ്സിൽ നിന്നകറ്റാനും ശ്രമിക്കുക. ജീവന്റെ തുടിപ്പിലേക്കു മനസ്സിനെ ലയിപ്പിക്കുക. ഇതു ലളിതമല്ല. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ഈ ഏകാഗ്രതയിലൂടെയാണു മനസ്സിനെ നാം മനസ്സിലാക്കുന്നത്. ശ്വാസോഛ്വാസം സ്വാഭാവികമായിട്ടുമതി.. പക്ഷേ, ഉറക്കത്തിലേക്കു വഴുതിപ്പോകാതെ ശ്രദ്ധിക്കണം. എപ്പോഴെങ്കിലും മനസ്സു കൈവിട്ടുപോയി എന്നു തോന്നിയാൽ വീണ്ടും ഏകാഗ്രമാക്കി ശ്വാസത്തിന്റെ താളം എണ്ണാൻ ശ്രമിക്കുക. ഉറങ്ങാതിരിക്കാനും ഇതു സഹായിക്കും. ശവാസനത്തിൽ നിന്ന് എഴുന്നേൽക്കണമെന്നു തോന്നുമ്പോൾ തലച്ചോർ മുതൽ കാൽപാദം വരെയുള്ള അവയവങ്ങളെ സാവധാനത്തിൽ സജീവമാക്കി എഴുന്നേൽക്കുക. ശവാസനത്തിനു സമയപരിധി ഇല്ല. കുറഞ്ഞത് അഞ്ചു മിനിറ്റെങ്കിലും ചെയ്‌തിരിക്കണം.

 

പ്രയോജനം

മാനസിക സംഘർഷം, സമ്മർദം, അസ്വസ്‌ഥത, രക്‌തസമ്മർദം എന്നിവ നിയന്ത്രിച്ചു പൂർണമായും മാറ്റിയെടുക്കാൻ കഴിയും. കോസ്‌മിക് എനർജി ശരീരത്തിലേക്കു പ്രവഹിക്കുന്നതിനാൽ മനസ്സിനും ശരീരത്തിനും പ്രത്യേകമായൊരു ഉണർവും, ഉൻമേഷവും അനുഭവപ്പെടും. ചിട്ടയായ പരിശീലനത്തിലൂടെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും ഏകാഗ്രതയും കൈവരുന്നു. ധ്യാനത്തിന്റെ ആദ്യ പടികൂടിയാണിത്.