യോഗ ഒരു പരിണാമ പ്രക്രിയ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യോഗ ഒരു പരിണാമ പ്രക്രിയ

ഒരു വ്യക്തിയുടെ ആന്തരിക ശക്തിയെ സമതുലിതമായ രീതിയില്‍ വികസിപ്പിക്കാനോ മെച്ചപ്പെടുത്താനോ ഉള്ള പരിശീലനമാണ് യോഗ. പൂര്‍ണ്ണമായ ആത്മ സാക്ഷാല്‍ക്കാരത്തിനുള്ള പാതയാണിത്. ‘യോഗ’ എന്ന സംസ്കൃത വാക്കിന് ചേര്‍ച്ച എന്നാണര്‍ത്ഥം. അതിനാല്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച എന്ന് യോഗയെ നിര്‍വചിക്കാം. മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കലാണ് യോഗ എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു.

മനുഷ്യാവബോധത്തിന്റെ വികാസത്തിലെ ഒരു പരിണാമ പ്രക്രിയയാണ് യോഗ. ഒരു വ്യക്തിയിലും അയാള്‍ സ്വയം നിശ്ചയിക്കാത്ത പക്ഷം സമസ്താവബോധത്തിന്റെ പരിണാമം ആരംഭിക്കണമെന്നില്ല. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം പോലുള്ള ദു:ശീലങ്ങള്‍, അമിതാദ്ധ്വാനം, ലൈംഗികാതിക്രയതയും മറ്റ് ഉദ്ദീപനങ്ങളും വിസ്മൃതി തേടലും അബോധത്തിലേക്കുള്ള തിരിച്ചു പോക്കുമാണ്. പാശ്ചാത്യ മന:ശാസ്ത്രം അവസാനിക്കുന്നിടത്തു നിന്നാണ് ഇന്ത്യന്‍ യോഗികള്‍ ആരംഭിക്കുന്നത്. ഫ്രോയ്ഡിന്റെ മന:ശാസ്ത്രം രോഗത്തിന്റെ മന:ശാസ്ത്രമാണെങ്കില്‍ മാസ്ലോവിന്റേത് ആരോഗ്യവാന്റെ മന:ശാസ്ത്രവും ഇന്ത്യന്‍ മന:ശാസ്ത്രം ബോധോദയത്തിന്റെ മന:ശാസ്ത്രവുമാണ്. യോഗയില്‍ ഇത് മനുഷ്യ മന:ശാസ്ത്രത്തിന്റെ ചോദ്യമല്ല, മറിച്ച് ഉയര്‍ന്ന അവബോധത്തിന്റെ ചോദ്യമാണ്. ഇത് മാനസികാരോഗ്യത്തിന്റെ ചോദ്യവുമല്ല, മറിച്ച് ആത്മീയ വളര്‍ച്ചയുടെ ചോദ്യമാണ്.

വളരെ പ്രാചീനമായ യോഗവിദ്യ വിദേശികളിലും കോര്‍പറേറ്റ് ജീവിതം നയിക്കുന്നവരിലും അതുപോലെ സാധാരണക്കാര്‍ക്കിടയിലും ജീവിതത്തിന്‍െറ ഏതുതുറയിലുള്ളവര്‍ക്കും പ്രായഭേദമന്യേ ആശ്രയിക്കാവുന്ന ഒരു ശാസ്ത്രവും പ്രയോഗവുമാണ്. മനസ്സിന്‍െറയും ശരീരത്തിന്‍െറയും പ്രശ്നങ്ങള്‍ക്ക് ഒരുപോലെ പരിഹാരം കാണാന്‍ യോഗക്ക് കഴിയുമെന്ന് കണ്ടത്തെിയതുതന്നെ കാരണം. ഇന്ന് ജീവിതശൈലിയിലെ പെട്ടെന്നുള്ള വ്യതിയാനം ഒട്ടേറെ ജീവിതശൈലീ രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നു. പുതിയതരം ഭക്ഷണപദാര്‍ഥങ്ങള്‍, പരിസ്ഥിതിമലിനീകരണം, വിശ്രമമില്ലാത്തതും വ്യായാമരഹിതവുമായ ദിനചര്യകള്‍ എന്നിവയെല്ലാം അതിന് കാരണമായി. വൈകാരികപ്രശ്നങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവക്ക് മാറ്റമുണ്ടായില്ളെന്ന് മാത്രമല്ല പണ്ടത്തേതിനേക്കാള്‍ അപകടകരമായ നിലയില്‍ കൂടുകയും ചെയ്തു. യോഗയില്‍ ആധിയുംവ്യാധിയും പരസ്പര പൂരകങ്ങളാണ്. യോഗാസനങ്ങളും പ്രാണായാമവും മനസ്സിന് കൂടുതല്‍ അയവും രോഗത്തെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജവും പ്രദാനം ചെയ്യുന്നു.