യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക! തെറ്റായ രീതികള്‍ വലിയ ആപത്തിലേക്ക് നയിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക! തെറ്റായ രീതികള്‍ വലിയ ആപത്തിലേക്ക് നയിക്കും

ആസനങ്ങള്‍ രാവിലെയും വൈകുന്നേരവും ചെയ്യാം. രണ്ടു നേരവും ചെയ്യാന്‍ സാധിക്കില്ലെങ്കിലും രാവിലെയാണ് കൂടുതല്‍ നല്ലത്. പ്രഭാത കര്‍മ്മങ്ങള്‍ നടത്തിയ ശേഷം വെറും വയറോടെ ആസനങ്ങള്‍ ചെയ്യാം. അല്ലെങ്കില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് അഞ്ച്, ആറ് മണിക്കൂ‍റുകള്‍ക്ക് ശേഷം ചെയ്യാം. ആസനം ചെയ്യുന്നതിന് മുമ്പ് ശൌചാദികര്‍മ്മങ്ങളെല്ലാം നടത്തി കഴിഞ്ഞിട്ടുണ്ടാവണം.

 

പവിത്രവും പ്രശാന്തവും ഏകാന്തവുമായ സ്ഥലമാണ് ആസനങ്ങള്‍ ചെയ്യാന്‍ പറ്റിയ സ്ഥലം. പച്ച പിടിച്ച മരങ്ങളുള്ള സ്ഥലം, പാര്‍ക്ക്, ഉദ്യാനം, ജലാശയം, നദീ തീരം എന്നിവ ഏറ്റവും പറ്റിയ സ്ഥലങ്ങളാണ്. തുറസ്സായ പ്രദേശങ്ങളിലും മരങ്ങള്‍ക്കരികിലും ആരോഗ്യത്തിന് പ്രയോജനകരമായ ഓക്സിജന്‍ ആവശ്യം പോലെ ലഭിക്കും. വീ‍ട്ടില്‍ വച്ചാണ് ചെയ്യുന്നതെങ്കില്‍ ആ സ്ഥലത്ത് ഒരു ദീപം കൊളുത്തി വയ്ക്കുകയും അവിടെ സുഗന്ധപൂരിതമാക്കുകയും വേണം.

 

ആസനങ്ങള്‍ ചെയ്യുമ്പോള്‍ കഴിവതും കുറച്ച് വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. പുരുഷന്മാര്‍ക്ക് ഹാഫ് പാന്റും ബനിയനും ധരിക്കാം. വനിതകള്‍ സല്‍‌വാറും ബ്ലൌസും ധരിക്കാം. എന്നിട്ട് പ്രാണായാമവും മറ്റ് ആസനങ്ങളും ചെയ്യാം.

 

തറയില്‍ ഒരു കമ്പിളിയോ മാര്‍ദ്ദവാതലമുള്ള പായയോ വിരിച്ചാല്‍ നല്ലത്. ഒരു മണിക്കൂര്‍ ചെയ്യുന്ന ആസനങ്ങള്‍ പൂര്‍ണ്ണമാണെന്ന് കരുതുന്നു. 30 മിനിട്ട് മധ്യമവും ചെറുതായ അഭ്യാസം 15 മിനിറ്റുമാണ്. ഒരാള്‍ക്ക് യോഗയുടെ പ്രയോജനങ്ങള്‍ നേടാന്‍ സാധിക്കണമെങ്കില്‍ അയാളുടെ മനസ് ഏകാഗ്രം ആയിരിക്കണം. പത്തിലധികം വയസാ‍യ കുട്ടികള്‍ക്ക് എല്ലാ അഭ്യാസങ്ങളും ചെയ്യാം.


 

ഗര്‍ഭിണികള്‍ വിഷമകരമായ ആസനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്. ദീര്‍ഘശ്വാസമെടുത്ത് ഓങ്കാര മന്ത്രവും ഗായത്രീ മന്ത്രവും ജപിച്ചുകൊണ്ട് ധ്യാനത്തോടെ സാവധാനം ചെയ്യുക.

 

ആസനങ്ങളും പ്രാണായാമവും ഏത് അവസ്ഥയിലും ചെയ്യാവുന്നതാണ്. ഇവ ചെയ്താല്‍ ഒരാള്‍ കൂടുതല്‍ ആരോഗ്യവാനാകുന്നു. എന്നാല്‍ രോഗാവസ്ഥയിലുള്ളവര്‍ എല്ലാ ആസനങ്ങളും ചെയ്യരുത്. ദുര്‍ബല ഹൃദയമുള്ളവര്‍ പൂണ്ണശലഭാസനം ധനുരാസനം എന്നിവ ചെയ്യരുത്.


 

 

 

ഹെര്‍ണിയ രോഗമുള്ളവര്‍ നാഭിക്ക് കീഴിലുള്ള ഭാഗത്തിന് സമ്മര്‍ദ്ദം കൊടുക്കുന്ന ആസനങ്ങള്‍ ചെയ്യരുത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ശിര്‍ഷാസനമോ തലയ്ക്ക് പ്രയാസമുണ്ടാക്കുന്ന ആസനങ്ങളോ ചെയ്യരുത്. കഴുത്തിന് പിന്നില്‍ വേദനയുള്ളവര്‍ മുന്നോട്ട് കുനിയേണ്ട അഭ്യാസങ്ങള്‍ ചെയ്യരുത്.

 

ആസനങ്ങള്‍ ചെയ്ത് അരമണിക്കൂറിനകം ഭക്ഷണം കഴിക്കണം. ഭക്ഷണത്തില്‍ പവിത്രവും പരിശുദ്ധവുമായ വസ്തുക്കളടങ്ങണം. പൊരിച്ചതും മസാല ചേര്‍ത്തതുമായ ഭക്ഷണം കഴിക്കരുത്. ആസനങ്ങള്‍ക്ക് ശേഷം ചായ കുടിക്കരുത്. ഒരു പ്രാവശ്യം ചായ കുടിച്ചാല്‍ കരളിലെ 50 ശരീര കോശങ്ങളും മറ്റ് നേര്‍ത്ത ഗ്രന്ഥികളും നശിക്കും.

 

ആസനങ്ങള്‍ ചെയ്യുന്ന സമയത്ത് മുന്നോട്ട് കുനിയുമ്പോള്‍, ശ്വാസം പുറത്ത് വിടുന്നതും, പിന്നോട്ട് വളയുമ്പോള്‍ ശ്വാസം ഉള്ളിലേക്കെടുക്കുന്നതുമാണ് സാധാരണം നിയമം. നാസാരന്ധ്രങ്ങളിലൂടെ മാത്രമേ ശ്വസിക്കാന്‍ പാടുള്ളൂ. വായിലൂടെ ശ്വസിക്കരുത്. ഏകാഗ്രത വര്‍ദ്ധിക്കാനായി കണ്ണുകളടച്ച് ആസനം ചെയ്യുക. ഇതോടെ മാനസിക സംഘര്‍ഷവും അശ്രദ്ധയും അലക്ഷ്യഭാവവും ഇല്ലാതാവും.

 

ചില ആസനങ്ങള്‍ ഇരു വശത്തും ചെയ്യേണ്ടതാണ്. ഒരു ആസനം വലതു വശം ചെരിഞ്ഞ് കിടന്ന് ചെയ്താല്‍ അതേപോലെ മറുവശം ചെരിഞ്ഞ് കിടന്നും ചെയ്യണം. ഇതല്ലാതെ, പേശികളുടെയും സന്ധികളുടെയും അഭ്യാസങ്ങള്‍ വിപരീത ദിശയില്‍ പൂര്‍ത്തീകരിക്കാന്‍ ഓരോ അഭ്യാസാവര്‍ത്തനങ്ങളുടെയും എണ്ണം നിശ്ചയിക്കുക. 

അഭ്യാസത്തിന് ശേഷം ശരീരാവയവങ്ങള്‍ക്ക് അയവ് ലഭിക്കാന്‍ വേണ്ടി എട്ട് മുതല്‍ പത്ത് മിനിറ്റ് നേരെ വരെ ശവാസനം ചെയ്യണം.


ആസനങ്ങള്‍ ചെയ്യുമ്പോള്‍ ക്ഷീണം തോന്നുകയാണെങ്കില്‍ ശരീരതെ വിശ്രമിപ്പിക്കാന്‍ ശവാസനവും മകരാസനവും ആ സമയത്ത് ചെയ്യണം. ക്ഷീണം തോന്നുമ്പോള്‍ അഭ്യാസത്തിനിടയ്ക്ക് വിശ്രമം എടുക്കാം. യോഗ അഭ്യസിക്കുന്നവര്‍ വികാരത്തേയും നിയമങ്ങളെയും പ്രതിരോധിക്കുന്ന ശീലം ശ്രദ്ധിക്കണം.

 

ശരീരത്തിലെ ചൂട് വളരെ ഉയര്‍ന്നിട്ടുണ്ടെങ്കിലോ പനിയുണ്ടെങ്കിലോ അത്തരം അവസ്ഥയില്‍ ആസനങ്ങള്‍ ചെയ്യുമ്പോള്‍ ചൂട് കൂടുകയാണെങ്കില്‍ ഇടത്തെ മൂക്കിലൂടെ ശ്വാ‍സം വലിച്ചെടുക്കുകയും വലത്തെ മൂക്കിലൂടെ ശ്വാസം പുറത്തു വിടുകയും ചെയ്യുക. ഇത് പലതവണ ആവര്‍ത്തിച്ചുകൊണ്ട് ചൂട് സാധാരണ നിലയിലേക്ക് കൊണ്ടുവരണം.


ആസനങ്ങള്‍ ചെയ്യുമ്പോള്‍ വിയര്‍ക്കുകയാണെങ്കില്‍ തോര്‍ത്ത് കൊണ്ട് തുടച്ചെടുത്ത് കളയണം. ഇത് ദേഹത്തിന് ഉന്മേഷം നല്‍കും. ചര്‍മ്മം ആരോഗ്യകരമായിരിക്കും. അഭ്യാസം ചെയ്ത് 15 മുതല്‍ 20 മിനിറ്റിനു ശേഷം ശരീരത്തിന്റെ ചൂട് സാധാരണ നിലയിലായാല്‍ കുളിക്കാം.