വയര്‍ കുറയ്ക്കാന്‍ ആസനങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വയര്‍ കുറയ്ക്കാന്‍ ആസനങ്ങള്‍

1 ദ്വിപാദ ഉത്ഥാനാസനം: കൈകള്‍ ശരീരത്തിന്റെ ഇരുഭാഗത്തും തറയില്‍ കമിഴ്ത്തി വച്ചു മലര്‍ന്നു കിടക്കുക. ശ്വാസം എടുത്തു കൊണ്ടു കാലുകള്‍ കുത്തനെ ഉയര്‍ത്തുക. ശ്വാസം വിട്ട് താഴ്ത്തുക.

പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം. പ്രയാസമുള്ളവര്‍ ഇരുകാലുകള്‍ക്കു പകരം ഓരോ കാലുകള്‍ മാറി മാറി ഉയര്‍ത്തുക.

2 പശ്ചിമോത്ഥാനാസനം: കാലുകള്‍ ചേര്‍ത്തു മലര്‍ന്നു കിടക്കുക. ശ്വാസം എടുത്തു കൊണ്ട് ഇരുകൈകളും തലയ്ക്കു പിന്‍വശത്തു നീട്ടി പതിക്കുക. ശ്വാസം വിട്ടുകൊണ്ടു കൈകളും തലയും ഉയര്‍ത്തി കിട്ടാവുന്നത്ര മുന്നോട്ടു വലിഞ്ഞു പാദം പിടിക്കാന്‍ ശ്രമിക്കുക. ശ്വാസം എടുത്തു കൈകള്‍ വീണ്ടും തലയ്ക്കു പിറകിലേക്കു കൊണ്ടുവന്നു മലര്‍ന്നുകിടക്കുക. വീണ്ടും ഉയരുക. ഇതു തുടര്‍ച്ചയായി അല്‍പം വേഗത്തില്‍ പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം.

3 ശലഭാസനം: കമഴ്ന്നു കിടന്നു താടി തറയില്‍ പതിക്കുക. കൈകള്‍ മലര്‍ത്തി തുടയുടെ അടിഭാഗത്തോ അല്ലെങ്കില്‍ വിരലുകള്‍ മടക്കി തുടയുടെ ഇരുഭാഗത്തും തറയിലോ പതിച്ചു വയ്ക്കുക. ശ്വാസം എടുത്തതിനുശേഷം കാലുകള്‍ 45 ഡിഗ്രി വരെ ഉയര്‍ത്തുക. അല്‍പനേരം അവിടെ നിര്‍ത്തുക. കാലുകള്‍ താഴ്ത്തി ശ്വാസം വിടുക. നാലോ അഞ്ചോ തവണ പരിശീലിക്കാം.

4 ഹലാസനം: മലര്‍ന്നു കിടക്കുക. ശ്വാസം എടുത്തു കാലുകള്‍ ഉയര്‍ത്തി തലയ്ക്കു പിന്‍വശത്തു തറയില്‍ പതിക്കുക. ശ്വാസം വിട്ടുകൊണ്ടു പൂര്‍വസ്ഥിയില്‍ വരിക. പത്തു തവണ പരിശീലിക്കാം.

5 പവനമുക്താസനം: മലര്‍ന്നു കിടക്കുക, ദീര്‍ഘമായി ശ്വാസം എടുക്കുക. ശ്വാസം വിട്ടുകൊണ്ട് ഒരു കാല്‍മടക്കി നെഞ്ചോടമര്‍ത്തുക. തല ഉയര്‍ത്തി താടിയും കാല്‍മുട്ടും തൊടുവിക്കാന്‍ ശ്രമിക്കുക. മാറിമാറി നാലോ അഞ്ചോ തവണ പരിശീലിക്കാം.

ഈ ആസനങ്ങള്‍ ഓരോന്നും ദിവസവും അര മണിക്കൂര്‍ വീതം പരിശീലിക്കുക.