360 വണ്‍ വെല്‍ത്ത് ക്രിസിലുമായി സഹകരിച്ച് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയായ ‘360 വണ്‍ വെല്‍ത്ത് ക്രിയേറ്റേഴ്സ് ലിസ്റ്റി’ ന്‍റെ ഉദ്ഘാടന പതിപ്പ് പുറത്തിറക്കി. ഇന്ത്യയിലെ മുന്‍നിര സമ്പത്ത്, ആസ്തി മാനേജ്മെന്‍റ് കമ്പനികളിലൊന്നായ 360 വണ്‍ ഡബ്ല്യുഎഎമ്മിന്‍റെ ഭാഗമാണ് 360 വണ്‍ വെല്‍ത്ത്.
രാജ്യത്തെ കുറഞ്ഞത് 500 കോടി രൂപയുടെ ആസ്തിയുള്ള 2013 വ്യക്തികളെയാണ് പട്ടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സംരംഭകര്‍, പ്രൊഫഷണലുകള്‍, നിക്ഷേപകര്‍, അവകാശികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഇവരുടെ സംയോജിത ആസ്തിയുടെ മൂല്യം ഏകദേശം 100 ട്രില്യണ്‍ രൂപയാണ്. ഇത് രാജ്യത്തിന്‍റെ ജിഡിപിയുടെ മൂന്നിലൊന്നിന് തുല്യമാണ്. 1,423 കോടി രൂപയാണ് ശരാശരി സമ്പത്ത്.
ആകാശ് അംബാനിയും അനന്ത് അംബാനിയും 3.59 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളായി മാറി. പട്ടികയിലുള്‍പ്പെട്ട 161 പേര്‍ക്ക് 10,000 കോടി രൂപയിലധികം ആസ്തിയുണ്ട്. 169 പേരുടെ ആസ്തി 5,000 കോടി രൂപയ്ക്കും 10,000 കോടി രൂപയ്ക്കും ഇടയിലാണ്. ടാറ്റാ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി ഗ്രൂപ്പ് എന്നിവയുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളും പ്രമോട്ടര്‍മാരും ചേര്‍ന്ന് ആകെ 24% പ്രമോട്ടര്‍ സമ്പത്ത് കൈവശം വയ്ക്കുന്നു. ഇതിന്‍റെ മൂല്യം ഏകദേശം 36 ലക്ഷം കോടി രൂപ ആയി കണക്കാക്കപ്പെടുന്നു.
577 വെല്‍ത്ത് ക്രിയേറ്റര്‍മാരുള്ള മുംബൈയാണ് രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനം എന്ന പദവിക്ക് അര്‍ഹമായിരിക്കുന്നത്. പട്ടികയിലെ ആകെ ആസ്തിയുടെ 40 ശതമാനം ഇവരാണ് നിയന്ത്രിക്കുന്നത്. പട്ടിക പ്രകാരം ന്യൂഡല്‍ഹിയില്‍ 17 ശതമാനവും ബംഗളുരുവില്‍ 8 ശതമാനവും അഹമ്മദാബാദില്‍ 5 ശതമാനവും അതിസമ്പന്നന്മാരായ ഇന്ത്യക്കാരുണ്ട്. 40 വയസിന് താഴെയുള്ള 143 സജീവ വെല്‍ത്ത് ക്രിയേറ്റര്‍മാരാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ പലരും രാജ്യത്ത് ഡിജിറ്റല്‍-ഫസ്റ്റ് ബിസിനസ് മോഡലുകള്‍ക്ക് തുടക്കമിട്ടവരാണ്. ഭാരത്പേയുടെ 27 വയസുള്ള ശാശ്വത് നക്രാനിയാണ് ഇവരില്‍ ഏറ്റവും ചെറുപ്പം.
പട്ടികയിലെ 71 ശതമാനത്തോളം പേരും പുരുഷന്മാരാണ്. ആകെ ആസ്തിയുടെ 76 ശതമാനത്തോളമാണ് ഇവര്‍ക്കുള്ളത്. ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുണ്ട്. ഫാര്‍മയിലെ മൊത്തം ശതകോടീശ്വരന്മാരുടെ 33 ശതമാനം സ്ത്രീകളാണ്. ധനകാര്യ മേഖലയിലിത് 24 ശതമാനമാണ്. ഇഷ അംബാനിയാണ് സ്ത്രീകളില്‍ ഏറ്റവും ധനികയായ ബിസിനസ് ഉടമ. 360 വണ്‍ വെല്‍ത്ത് ക്രിയേറ്റേഴ്സ് പട്ടികയിലെ മൊത്തം സമ്പത്തിന്‍റെ ഏകദേശം 59 ശതമാനം ഇന്ത്യയിലെ മികച്ച 50 ബിസിനസ് സ്ഥാപനങ്ങളുടെതാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി എന്‍റര്‍പ്രൈസസുമാണ് ആകെ ആസ്തിയുടെ 12 ശതമാനം നിയന്ത്രിക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്ന വ്യക്തികളെയും കുടുംബങ്ങളെയും രേഖപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ണായക ശ്രമമാണ് ഈ പട്ടികയെന്നും ഇന്ത്യയിലെ സമ്പത്ത് സൃഷ്ടിയുടെ ആഴവും പരപ്പും എടുത്തുകാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും 360 വണ്‍ സ്ഥാപകനും എംഡിയും സിഇഒയുമായ കരണ്‍ ഭഗത് പറഞ്ഞു.
ഇതൊരു സമ്പന്ന പട്ടിക എന്നിതിലുപരി ഇന്ത്യയുടെ സംരംഭക സ്വപ്നങ്ങള്‍, തലമുറകള്‍ തമ്മിലുള്ള പാരമ്പര്യം, ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ എന്നിവയെ പ്രതിഫലിപ്പിക്കുന്ന പ്രതിബിംബമാണ് ഈ പട്ടികയെന്ന് 360 വണ്‍ സഹസ്ഥാപകനും 360 വണ്‍ വെല്‍ത്തിന്‍റെ സിഇഒയുമായ യതിന്‍ ഷാ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ രൂപപ്പെടുത്തുന്ന വ്യക്തികളുടെ സംഭാവനകളെ എടുത്തുകാണിക്കുന്നതാണെന്ന് ക്രിസില്‍ ഇന്‍റലിജന്‍സിന്‍റെ പ്രസിഡന്‍റും ബിസിനസ് മേധാവിയുമായ പ്രീതി അറോറയും പറഞ്ഞു.
STORY HIGHLIGHT: tops wealth creators list
















