ആമസോൺ എംജിഎം സ്റ്റുഡിയോസിൽ നിന്ന് അടുത്ത ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത് ‘ഡ്യൂൺ’ചലച്ചിത്ര നിർമ്മാതാവ് ഡെനിസ് വില്ലെന്യൂവ് ആയിരിക്കും എന്ന് റിപ്പോർട്ട്. ലോകമെങ്ങും നിരവധി ആരാധകരുള്ള സിനിമ ഫ്രാഞ്ചൈസി ആണ് ജെയിംസ് ബോണ്ട്.26മത് ജെയിംസ് ബോണ്ട് ചിത്രം ആണ് അണിയറയിൽ ഒരുങ്ങുന്നത്.
ആമസോൺ എം.ജി.എം നിർമിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രം കൂടിയാണിത്. 2022ൽ ആമസോൺ എം.ജി.എം കമ്പനിയെ സ്വന്തമാക്കിയതിന് ശേഷം നിർമിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രമാണിത്. എമി പാസ്കലും ഡേവിഡ് ഹെയ്‌മാനുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. വില്ലെനൊവ്വയുടെ ഭാര്യ ടാന്യ ലാപോയിന്റ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകും. സിനിമയുടെ നിർമാണം എപ്പോൾ ആരംഭിക്കുമെന്നത് വ്യക്തമല്ല.
ചലച്ചിത്ര നിർമാതാക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഫ്രാഞ്ചൈസികളിൽ ഒന്നാണ് ജെയിംസ് ബോണ്ട്. പുതിയ ചിത്രം സംവിധാനം ചെയ്യാൻ എഡ്വേർഡ് ബെർഗർ, എഡ്ഗർ റൈറ്റ്, പോൾ കിങ് എന്നീ സംവിധായകരും താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഫ്രാഞ്ചൈസിയുടെ 26-ാമത്തെ ചിത്രമാകുന്ന ജെയിംസ് ബോണ്ട് 2021ലെ ‘നോ ടൈം ടു ഡൈ’യുടെ തുടർച്ചയായിട്ടായിരിക്കും എത്തുക.
ലോകം മുഴുവൻ ആരാധകരുള്ള സീക്രട്ട് ഏജന്റിന് വേണ്ടിയുള്ള പുതിയ കഥ എഴുതാനുള്ള തിരക്കഥാകൃത്തിനെ അന്വേഷിക്കുകയാണ് നിർമാതാക്കൾ. മാത്രമല്ല പുതിയ ജെയിംസ് ബോണ്ടിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2021 ൽ പുറത്തിറങ്ങിയ ‘നോ ടൈം ടു ഡൈ’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം. ഡാനിയേൽ ക്രെയ്ഗ് ആണ് സിനിമയിൽ ജെയിംസ് ബോണ്ട് ആയി എത്തിയത്. ഡാനിയേൽ ക്രെയ്ഗിന്‍റെ അവസാനത്തെ ജെയിംസ് ബോണ്ട് സിനിമയായിരുന്നു ഇത്. തുടർന്ന് ആരാണ് അടുത്ത ജെയിംസ് ബോണ്ട് എന്ന ചർച്ചകളും സജീവമായിരുന്നു. അതിന്‍റെ ഇടയിലാണ് പുതിയ അപ്ഡേറ്റും ആരാധകർ ഏറ്റെടുക്കുന്നത്.
















