കൊച്ചിയിൽ ലോറിയിൽ നിന്നും റേഞ്ച് റോവർ പുറത്തിറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താൻ എറണാകുളം കളക്ടർക്ക് നിർദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. അപകട കാരണം മാനുഷിക പിഴവോ യന്ത്രതകരാറാണോ എന്നതിലാണ് അന്വേഷണം. കാർ ഡീലർമാരുടെ പരാതിയെ തുടർന്നാണ് നടപടി.
വാഹനം ഇറക്കാനെത്തിയത് പത്തുവർഷത്തിലധികം പ്രവർത്തനപരിചയമുളളവരാണെന്നാണ് സിഐടിയു കാർ ഡ്രൈവേഴ്സ് യൂണിയൻ നൽകിയിരിക്കുന്ന വിശദീകരണം. അപകടത്തിൽ ഷോറൂം ജീവനക്കാരൻ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യറാണ് മരണപ്പെട്ടത്. വാഹനം ട്രക്കിൽ നിന്ന് ഇറക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി പിന്നിൽ നിൽക്കുകയായിരുന്ന റോഷന്റെ ദേഹത്തുകൂടി നിയന്ത്രണം വിട്ടു പാഞ്ഞുവന്ന വാഹനം കയറിയിറങ്ങുകയായിരുന്നു. യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷുമായിരുന്നു കാർ ഇറക്കാനെത്തിയത്.
STORY HIGHLIGHT: range rover unloading accident kochi
















