ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയ സംഭവത്തിൽ പ്രിന്‍സിപ്പലും സഹായിയും അറസ്റ്റില്‍. താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളിലെ നാല് അധ്യാപകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.മാതാപിതാക്കൾ പ്രതിഷേധിച്ചതിനെത്തുടർന്ന് സ്കൂൾ മാനേജ്മെന്‍റിനും അഡ്മിനിസ്ട്രേഷനുമെതിരെ നടപടി സ്വീകരിച്ചതായി താനെ റൂറൽ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ആര്‍ത്തവ പരിശോധനയ്ക്ക് വിധേയമായത്. അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന നടന്നത്. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലുളള പെണ്‍കുട്ടികളെ പ്രിന്‍സിപ്പൽ സ്‌കൂള്‍ ഹാളിലേക്ക് വിളിച്ചുവരുത്തി ശുചിമുറിയില്‍ കണ്ടെത്തിയ രക്തക്കറയുടെ ചിത്രങ്ങള്‍ കാണിച്ചു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ ആര്‍ത്തവമുളളവരും ഇല്ലാത്തവരും രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം ആര്‍ത്തവമില്ലെന്ന് പറഞ്ഞ പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുളള കുട്ടികളെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. അടിവസ്ത്രങ്ങളില്‍ സ്പര്‍ശിച്ചാണ് പരിശോധന നടത്തിയത്. ആര്‍ത്തവമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികളില്‍ ഒരാള്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.
ഇതോടെ കുട്ടിയെ മറ്റ് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും മുന്നില്‍വെച്ച് വഴക്കുപറയുകയും അപമാനിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവം അറിഞ്ഞ് സ്കൂളിലെത്തിയ മാതാപിതാക്കള്‍ പ്രിന്‍സിപ്പൽ അടക്കമുളളവരെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.















