വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളെങ്കിലും പൊതുപ്രവര്ത്തനത്തിലൂടെ ജനഹൃദയങ്ങളിലിടം നേടിയ വിഎസും ഒസിയും.നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ എട്ടു മാസം മാത്രമാണ് ബാക്കി. ഈ പതിനഞ്ചാം നിയമസഭയുടെ കാലയളവിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങിയത് എൽഡിഎഫിലേയും യുഡിഎഫിലേയും അതികായകരാണ്. വെറുമൊരു പ്രവർത്തകനായി അടിത്തട്ടിൽ തുടങ്ങി മുഖ്യമന്ത്രി കസേരയിൽ വരെ എത്തിയ രണ്ട് പേർ. വിഎസ് അച്യുതാനന്ദനും ഉമ്മൻചാണ്ടിയും.പതിറ്റാണ്ടുകളോളം ഒത്ത രാഷ്ട്രീയ എതിരാളികളായിരുന്നു ഇരുവരും.2004ൽ ആന്റണി മുഖ്യമന്ത്രി പദം ഒഴിഞ്ഞ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതോടെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനുമായി പോരാട്ടം പ്രത്യക്ഷത്തിലായി. 2006 മുതൽ 2011 വരെ വി.എസ് മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും. 2011ൽ കാലചക്രം വീണ്ടും കറങ്ങി,ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി, വി.എസ് പ്രതിപക്ഷ നേതാവും.
സെക്രട്ടേറിയറ്റ് വളയൽ ഉൾപ്പെടെ കേരളം അന്നോളം കണ്ടിട്ടില്ലാത്ത സമരമുറകളാണ് അന്നത്തെ പ്രതിപക്ഷംവി.എസിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ തൊടുത്തുവിട്ടത്.കൊടുത്തും വാങ്ങിയും കേരള രാഷ്ട്രീയത്തിൽ ഏറെ കലുഷിതമായ അദ്ധ്യാങ്ങൾക്ക് സാക്ഷികളായ രണ്ട് പേർ. ഈ കലയളവിൽ മൂന്നാർ കൈയേറ്റം മുതൽ സോളാർ വരെ, കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയപ്പോൾ ടിപി വധവും വികസന വിരോധി എന്ന മുദ്രകുത്തലും എൽഡിഎഫിനെ വളഞ്ഞു.
2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും ആയതോടെ വി.എസും ഉമ്മൻ ചാണ്ടിയും എംഎൽഎമാരായി നിയമസഭയിൽ വന്നുപോയി. അങ്ങനെ രണ്ട് മുൻ മുഖ്യമന്ത്രിമാരുള്ള സഭ എന്ന അപൂർവതയ്ക്ക്പതിനാലാം നിയമസഭ സാക്ഷിയായി. ഇക്കാലയളവിൽ വി.എസ് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായെങ്കിൽപദവികളൊന്നും ഏറ്റെടുക്കാൻ താനില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്.ഇരുവരും ഒട്ടും സജീവമല്ലാത്ത നിയമസഭകാലമായിരുന്നു 2016 –2021. ഇരുവരെയും രോഗം കലശലായി അലട്ടിയതും പതിനാലാം നിയമസഭയുടെ കാലയളവിലാണ്.
ഇന്ന് അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രണ്ട് നേതാക്കളും മൺമറിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയകേരളത്തിലെ അദ്ധ്യായം കൂടിയാണ് അടഞ്ഞിരിക്കുന്നത്. കലർപ്പില്ലാത്ത രാഷ്ട്രീയത്തോടുള്ള ആദരവാണ് ഇരുവരുടേയും വിലാപയാത്രയിൽ കണ്ട സമാനതകൾ സൂചിപ്പിക്കുന്നത്.