കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മുൻ സർജൻ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയിൽ മൊഴി നൽകിയത്.
കടലക്കറിയിൽ സയനൈഡ് കലർത്തി ജോളി ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോർട്ടം നടത്തിയ ഡോ.ആർ.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയിൽ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
കൂടത്തായിയിൽ 2002 മുതൽ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
STORY HIGHLIGHT :forensic-surgeons-testimony-in-koodathai-murder-case