ഇന്ത്യൻ കുടുംബങ്ങളുടെ മനസ് കീഴടക്കിയ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളാണ് ഏഥർ എനർജി. 2025 ജൂലൈ മാസത്തിന്‍റെ ആരംഭത്തിൽ കമ്പനിയുടെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറായ ഏഥർ റിസ്റ്റയുടെ 3.7 കിലോവാട്ട് ബാറ്ററി ഓപ്‌ഷനുള്ള പുതിയ വേരിയന്‍റ് പുറത്തിറക്കിയിരുന്നു. ഒരു മാസത്തിനിപ്പുറം കമ്പനി ഏഥർ 450 എസിന്‍റെയും 3.7 കിലോവാട്ട് ബാറ്ററി ഓപ്‌ഷനിലുള്ള വേരിയന്‍റ് പുറത്തിറക്കിയിരിക്കുകയാണ്.
1.46 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി ഈ വേരിയന്‍റ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ വേരിയന്‍റിൽ എന്തൊക്കെയാണ് പുതുതായി നൽകിയിരിക്കുന്നതെന്ന് നോക്കാം.
പുതിയ ഏഥർ 450Sന്‍റെ പ്രധാനം മാറ്റം അതിന്‍റെ ബാറ്ററി പായ്‌ക്ക് തന്നെയാണ്. 3.7kWh വേരിയന്‍റിന്‍റെ IDC സാക്ഷ്യപ്പെടുത്തിയ റേഞ്ച് 161 കിലോമീറ്ററാണ്. മുൻപ് ഏഥർ 450S 2.9 കിലോവാട്ട് വേരിയന്‍റിന്‍റെ റേഞ്ച് 115 കിലോമീറ്ററായിരുന്നു. ബാറ്ററി വലുതാവുമെങ്കിലും പുതിയ വേരിയന്‍റിന്‍റെ പെർഫോമൻസിൽ മാറ്റമൊന്നും ഉണ്ടാകില്ല. കാരണം നിലവിലുള്ള അതേ ഇലക്ട്രിക് മോട്ടോർ തന്നെയാണ് 3.7kWh വേരിയന്‍റിലുമുള്ളത്.
നിലവിലുള്ള അതേ 5.4 കിലോവാട്ടിന്‍റെ ഇലക്ട്രിക് മോട്ടോർ തന്നെയാണ് പുതിയ വേരിയന്‍റിലും ഉപയോഗിക്കുന്നത്. 22Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണിത്. 3.9 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഇലക്‌ട്രിക് സ്‌കൂട്ടറിനാവും. അതിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററിലെത്തും. സ്‌മാർട്ട് ഇക്കോ, ഇക്കോ, റൈഡ്, സ്പോർട്ട് മോഡ് എന്നിങ്ങനെ നാല് റൈഡ് മോഡുകളിലാണ് ഇത് ലഭ്യമാവുക.
ഏഥർ 450Sന്‍റെ പുതിയ വേരിയന്‍റിൽ ബാറ്ററി കപ്പാസിറ്റി വർധിപ്പിച്ചെങ്കിലും സ്‌കൂട്ടറിന്‍റെ ഡിസൈനിലോ അളവിലോ മാറ്റമില്ല. ഇത് സ്റ്റാൻഡേർഡ് 450Sന് സമാനമായി തുടരുന്നു. ഷാർപ്പ് സ്റ്റൈലിങും ഇരുവശത്തും 12 ഇഞ്ച് വീലുകളുമാണ് ഇതിലുള്ളത്. ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ 7 ഇഞ്ച് LCD സ്‌ക്രീൻ, ഹിൽ-ഹോൾഡ്, ഫാൾ സേഫ്, ഏഥർസ്റ്റാക്ക് OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കുള്ള പിന്തുണ തുടങ്ങിയ സവിശേഷതകളോടെയാണ് ഏഥർ 450S വരുന്നത്.
ഏഥർ 450Sന്‍റെ 3.7 വേരിയന്‍റിനൊപ്പം ഏഥർ Eight70 വാറന്‍റി പാക്കേജും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് 8 വർഷം വരെയോ അല്ലെങ്കിൽ 80,000 കിലോമീറ്റർ വരെയോ വാറന്‍റി നൽകും. കുറഞ്ഞത് 70 ശതമാനം ബാറ്ററി ഹെൽത്തും ഉറപ്പുനൽകുന്നു.
പുതിയ വേരിയന്‍റിന് 1.46 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഇത് നിലവിലുള്ള 450S 2.9നേക്കാൾ 16,000 രൂപ കൂടുതലാണ്. അതേസമയം അധിക സവിശേഷതകളുള്ള ഒരു TFT സ്ക്രീനുമായി വരുന്ന ഏഥർ 450Xന് 1,000 രൂപ മാത്രമാണ് കൂടുതൽ. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഓഗസ്റ്റിൽ തന്നെ ഡെലിവറി ആരംഭിക്കും. കമ്പനി ഓൺലൈനായും, ഏഥർ ഡീലർഷിപ്പുകൾ വഴിയും ബുക്കിങുകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.
















