ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കെയ്ൽ ചീര. കെയ്ൽ ചീര വരുന്നത് കാബേജ് കുടുംബത്തിൽ നിന്നുമാണ്. സാലഡുകൾ ഉണ്ടാക്കാനായി ഇത് ഉപയോഗിക്കുന്നു. ശീതകാല പച്ചക്കറിവിളയായ കെയ്ൽ ചീര ജപ്പാനിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിറസാന്നിധ്യമാണ്.
പോഷകസമ്പുഷ്ടമായ കെയിലിന്റെ കൃഷി പക്ഷേ കേരളത്തിൽ അത്ര സജീവമല്ല. ഏറ്റവും ഗുണമേന്മയുള്ള ഇലച്ചെടികളിലൊന്നാണ് കെയ്ൽ. വലിയ പച്ചച്ചീരയുടെ ഇല ചുരുണ്ടിരിക്കുന്നതാണെന്നേ ഒറ്റനോട്ടത്തിൽ കെയ്ൽ ചീര കണ്ടാൽ പറയൂ. ഇളംപച്ച, കടുംപച്ച, വയലറ്റ് പച്ച തുടങ്ങിയ നിറങ്ങളിൽ ഈ ഇലച്ചെടി കാണാനാകും. ശീതകാല വിളയാണ് കെയ്ൽ. മഴക്കുശേഷം സെപ്റ്റംബറോടെ കെയ്ൽ കൃഷി ചെയ്യാൻ തുടങ്ങാം. വൈറ്റമിന്‍ കെ ധാരാളമായി അടങ്ങിയിരിക്കുന്ന ഇലവർഗമാണ് കെയ്ൽ. കൂടാതെ മറ്റു വൈറ്റമിനുകളും പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ബ്രാസിക്ക ഒലീറേസിയ സസ്യകുടുംബത്തിൽപ്പെട്ടതാണ് ഈ ഇലവർഗം. ഇലക്കാബേജ് എന്നും വിളിപ്പേരുള്ള കെയ്ൽ, കാബേജ് കുടുംബത്തിൽപ്പെട്ടതാണ്. കാബേജും കോളിഫ്ലവറും കൃഷിചെയ്യുന്നതിന് സമാനമാണ് കെയ്‍ലിന്റെ കൃഷിയും. വളരെ പ്രചാരത്തിലില്ലെങ്കിലും കേരളത്തിലും പലയിടങ്ങളിലായി കെയ്ൽ കൃഷി ചെയ്തുവരുന്നുണ്ട്.അൽപം ശ്രദ്ധ നൽകിയാൽ വീട്ടുമുറ്റത്തും നല്ല വിളവ് നൽകുന്ന കെയ്ൽ വളർത്തിയെടുക്കാം. നഴ്സറികളിൽനിന്ന് തൈകൾ ശേഖരിച്ചോ വിത്തുമുളപ്പിച്ചോ കെയ്ൽ നടാം. കാർഷിക വിപണന ഔട്ട്ലെറ്റുകളിൽ വിത്തുകൾ ലഭിക്കും. വിത്തുകള്‍ പ്രോട്രേകളിലോ തവാരണകളിലോ മുളപ്പിച്ച് തൈകളുണ്ടാക്കാം. കുമ്മായം, ചാണകപ്പൊടി, ചകിരിച്ചോറ് തുടങ്ങിയവയിട്ട് മണ്ണൊരുക്കി വിത്തുപാകാം.
ദിവസങ്ങൾക്കുള്ളിൽതന്നെ മുള വന്നു തുടങ്ങും. മുളപ്പിച്ചെടുക്കുമ്പോൾ അധികം നനക്കേണ്ട ആവശ്യമില്ല. നല്ല വെയിലുള്ള സ്ഥലത്താണെങ്കിൽ തണൽ നൽകുകയും വേണം. 10-15 ദിവസം പ്രായമായി ഇലകൾ വന്നശേഷം പ്രധാന കൃഷി സ്ഥലത്തേക്ക് മാറ്റിനടാം. ചാണകപ്പൊടി, ചകിരിച്ചോറ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ഉപയോഗിച്ച് പോട്ടിങ് മിശ്രിതം തയാറാക്കാം. ചെടികൾ വേഗത്തിൽ വളരാനും നല്ല വിളവ് ലഭിക്കാനും ഇത് സഹായിക്കും. ചെടിനട്ട സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചെറുതായി ചെടിക്ക് വെയിൽ ലഭിക്കുകയും വേണം. ഇടക്കിടെ കടലപ്പിണ്ണാക്ക് പുളിപ്പിച്ചതും ചാണകതെളിയുമെല്ലാം ചെടികൾക്ക് ഒഴിച്ചുകൊടുക്കാം. ഇത് വലിയ ഇലകൾ നൽകാൻ സഹായിക്കും.മൂപ്പെത്തുന്നതിനുമുമ്പ് ഇലകൾ വിളവെടുക്കണം.
മൂപ്പെത്തിയാല്‍ തണ്ടിന് നാരു കൂടുകയും ഇലകളുടെ അറ്റം കൂടുതൽ ചുരുണ്ടുവരുകയും ചെയ്യും. സാധാരണ ചീര വിളവെടുക്കുന്നതുപോലെയല്ല ഇതിന്റെ വിളവെടുപ്പ്. മുകളിൽനിന്ന് ഒടിച്ചെടുക്കാൻ പാടില്ല. അടിഭാഗത്തുനിന്ന് ഇലഭാഗം അടർത്തിയെടുക്കുകയാണ് ചെയ്യുക. ഒന്നരവർഷത്തോളം ഇങ്ങനെ വിളവെടുക്കാൻ കഴിയും.അഴുകല്‍ രോഗവും ഇലതീനിപ്പുഴുക്കളുമാണ് കെയ്‍ലിനെ പ്രധാനമായും ആക്രമിക്കുക. അഴുകൽ രോഗത്തിന് ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സുഡോമോണസ് ചേർത്ത് ഇലകൾക്ക് താഴെ തളിച്ചു കൊടുക്കാം. പുഴുക്കള്‍ക്കെതിരെ വേപ്പെണ്ണ ലായനി, പുകയിലക്കഷായം, കാന്താരി-വെളുത്തുള്ളി ലായനി എന്നിവ നല്ലതാണ്. തോരൻ വെക്കാനും ജ്യൂസാക്കി കഴിക്കാനും സാലഡ് ആയും കെയ്ൽ ചീര ഉപയോഗിക്കും. വിദേശത്ത് ഈ ഇലകൾ ഉണക്കിപ്പൊടിച്ച് പാലിനൊപ്പം ചേർത്താണ് കഴിക്കുക.
















