യുക്രൈൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ വിധത്തിലും റഷ്യയെ സമ്മർദ്ദത്തിലാക്കുകയാണ്. അടുത്തിടെ ട്രംപ് റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയും ആയുധങ്ങളും വാങ്ങുന്നതിലും ട്രംപ് അസ്വസ്ഥനായിരുന്നു റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിർത്തണമെന്ന ആഗ്രഹമാണ് ട്രംപിനെ ഇന്ത്യയ്ക്ക് മേൽ തീരുവയും പിഴയും പ്രഖ്യാപിക്കുന്നതിൽ എത്തിച്ചത്.
ഇതിന് പുറമെ, ട്രംപ് റഷ്യയ്ക്കുമേൽ വ്യാപാര ഉപരോധം കൂടി ഏർപ്പെടുത്താൻ പോകുന്നു. ട്രംപ് റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ക്രൂഡ് ഓയിലിന്റെ വില വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഈ വില ബാരലിന് $120 വരെ എത്തിയേക്കാം.
യുക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്കുള്ള ട്രംപിന്റെ മുന്നറിയിപ്പ്, പ്രത്യേകിച്ച് വർദ്ധിച്ചുവരുന്ന ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ എണ്ണ വിതരണത്തെ ബാധിച്ചേക്കാമെന്നും ഇത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എണ്ണ വിപണി വിദഗ്ധർ എഎൻഐയോട് പറഞ്ഞു.
2025 ഒക്ടോബറോടെ ബ്രെന്റ് ഓയിൽ വില ബാരലിന് 76 ഡോളറായിരിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ, 2025 അവസാനത്തോടെ ഇത് 82 ഡോളറിലെത്താം, 69 ഡോളറിന് താഴെയുള്ള സപ്പോർട്ട് ലെവലിന് താഴെ കുത്തനെ ഇടിവ് ഉണ്ടായാൽ ഒഴികെ. 2025 സെപ്റ്റംബറോടെ WTI ക്രൂഡ് 69.65 ഡോളറിൽ നിന്ന് 76-79 ഡോളറായി ഉയരും.
റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്ക് മേൽ പുതിയ ഉപരോധങ്ങളും 100 ശതമാനം തീരുവയും ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഈ ആശങ്കയ്ക്ക് കാരണമെന്ന് വിദഗ്ദ്ധർ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ നേരിട്ട് ബാധിക്കാം.
ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് റഷ്യ പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്നതായാണ് കണക്ക്. ഈ ഒഴുക്ക് നിലച്ചാൽ, അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 മുതൽ 120 ഡോളർ വരെ എത്താം. ഇന്ത്യ റഷ്യയിൽ നിന്ന് 35 മുതൽ 40 ശതമാനം വരെ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ, വില വർദ്ധനവ് ഇന്ത്യയെയും ബാധിക്കും. നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിതരണം കാരണം, ഇന്ത്യക്ക് വിതരണത്തിൽ ക്ഷാമം നേരിടേണ്ടിവരില്ല, പക്ഷേ ഉപഭോക്തൃ വില വർദ്ധിച്ചേക്കാം എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ റിഫൈനറികൾ സബ്‌സിഡിയുള്ള റഷ്യൻ എണ്ണയെയാണ് ആശ്രയിക്കുന്നത്, ഇത് 2022 മുതൽ ആഭ്യന്തര പണപ്പെരുപ്പം സന്തുലിതമാക്കാൻ സഹായിച്ചു. നിരോധനത്തിന് ശേഷവും ഈ ഇന്ത്യൻ കമ്പനികൾ ഇറക്കുമതി ചെയ്താൽ, പിഴയും ഉയർന്ന താരിഫും നേരിടേണ്ടി വന്നേക്കാം, ഇത് പല കാര്യങ്ങളുടെയും വില വർദ്ധിപ്പിക്കും.
പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിലകളിൽ നേരിട്ടുള്ള ആഘാതം ദൃശ്യമാകും.
അസംസ്കൃത എണ്ണയുടെ വിലയിലെ വർദ്ധനവ് ഗതാഗത ചെലവും വർദ്ധിപ്പിക്കുന്നതിനാൽ പച്ചക്കറികൾ, പഴങ്ങൾ, പാൽ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കും വില കൂടിയേക്കാം.
പ്ലാസ്റ്റിക്, കെമിക്കൽ, സിമൻറ്, സ്റ്റീൽ തുടങ്ങിയ വ്യവസായങ്ങളിലെ ഇൻപുട്ട് ചെലവുകൾ വർദ്ധിക്കുന്നത് നിർമ്മാണം, ഇലക്ട്രോണിക്സ്, തുണി വ്യവസായങ്ങളെ ബാധിക്കും.
ബസ്, ട്രക്ക്, ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിച്ചേക്കാം, ഇ-കൊമേഴ്‌സ് ഡെലിവറിയും ചെലവേറിയതായിരിക്കാം.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ഉൽപാദനത്തിൽ ഇതിനകം തന്നെ പ്രശ്‌നമുണ്ടെന്നും അതുമൂലം പല രാജ്യങ്ങളിലും പണപ്പെരുപ്പം വർദ്ധിച്ചിട്ടുണ്ടെന്നും വിദഗ്ധർ അവകാശപ്പെടുന്നു. ഇതിനുപുറമെ, ഈ നിയന്ത്രണങ്ങൾ വിലകൾ കൂടുതൽ വർദ്ധിപ്പിക്കും. 2026 വരെ അസംസ്കൃത എണ്ണ വില ഉയർന്ന നിലയിൽ തുടരുമെന്ന് കണക്കാക്കപ്പെടുന്നു.















