ന്യൂഡല്‍ഹി: സൈനികന്‍ വിമാന ജീവനക്കാരെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. ക്യാബിന്‍ ലഗേജിന്റെ പേരില്‍ ആയിരുന്നു മർദ്ദനം. ഉദ്യോഗസ്ഥന്റെ ആക്രമണത്തിൽ നാല് സ്‌പൈസ്‌ജെറ്റ് ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റു.
7 കിലോയില്‍ കൂടുതലുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ് ഈടാക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിമാന ജീവനക്കാരെ സൈനിക ഉഗ്യോഗസ്ഥന്‍ ഇടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ക്യൂ സ്റ്റാന്‍ഡ് ഉപയോഗിച്ച് ഒരാളെ ആക്രമിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഉദ്യോഗസ്ഥന്‍റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സിആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ വധശ്രമ കുറ്റമടക്കം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. 16 കിലോ ക്യാബിന്‍ ലഗേജായിരുന്നു സൈനിക ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നത്. ഏഴ് കിലോയാണ് അനുവദനീയം.
ഇരട്ടിയിലധികമുള്ള അധിക ലഗേജിന് പണം നല്‍കണമെന്ന് വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് പ്രകോപനം. നട്ടെല്ലിന് പൊട്ടലും താടിയെല്ല് തകരുന്നതും ഉള്‍പ്പെടെയുള്ള പരിക്കുകളാണ് ജീവനക്കാര്‍ക്കുണ്ടായത്.’ഡല്‍ഹിയിലേക്ക് വിമാനം കയറേണ്ടിയിരുന്ന സൈനിക ഉദ്യോഗസ്ഥന്റെ കൈവശം 16 കിലോ ഭാരമുള്ള ക്യാബിന്‍ ലഗേജുകളുണ്ടായിരുന്നു. ആഭ്യന്തര വിമാനങ്ങളില്‍ ഏഴ് കിലോയില്‍ കൂടുതല്‍ ഭാരമുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ്ജ് നല്‍കേണ്ടതുണ്ട്. ഇക്കാര്യം സൈനിക ഉദ്യോഗസ്ഥനെ അറിയിച്ചു. തുടര്‍ന്നാണ് ആക്രമണമുണ്ടായത്’, അധികൃതര്‍ വ്യക്തമാക്കി.
















