വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിക്കാനൊരുങ്ങി ഖത്തർ. ഇതേ തുടർന്ന് സൈബർ ക്രൈം നിയമ വ്യവസ്ഥകളിൽ ഭേദഗതി ഖത്തർ വരുത്തി.
പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ സമ്മതമോ അറിവോ ഇല്ലാതെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുകയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയോ ചെയ്താൽ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. പുതിയ നിയമ പ്രകാരം ലംഘകർക്ക് ഒരു ലക്ഷം ഖത്തരി റിയാൽ (ഏകദേശം 24,12,284 ഇന്ത്യൻ രൂപ) പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും അല്ലെങ്കിൽ പിഴയോ ആണ് ശിക്ഷ.
ഭേദഗതി ചെയ്ത 2014 ലെ 14–ാം നമ്പർ സൈബർ ക്രൈം നിയമത്തിലെ വ്യവസ്ഥകൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയതോടെ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ ആർട്ടിക്കിൾ ചേർത്തു കൊണ്ടാണ് നിയമം പരിഷ്കരിച്ചത്. ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനാൽ നിയമം പ്രാബല്യത്തിലായി.
















