തീരുവ സംബന്ധിച്ച തർക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയ്ക്കും ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റിന്റെ ഓവല്‍ ഓഫീസില്‍ വെച്ച്, ഇന്ത്യയ്ക്ക് മേല്‍ പുതുതായി 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തില്‍, ഇന്ത്യയുമായി ചര്‍ച്ച പുനരാരംഭിക്കുമോയെന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇല്ല, തീരുവ തര്‍ക്കം പരിഹരിക്കുന്നതുവരെ ഇല്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
ജൂലായ് 30 ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് അധികൃതര്‍ പറഞ്ഞു. അധിക തീരുവ 21 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.
നേരത്തെ 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരുന്നത്. ബുധനാഴ്ച 25 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഇതോടെയാണ് ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50 ശതമാനമായി ഉയര്‍ന്നത്.
യുക്രൈന്‍ യുദ്ധം തുടരുമ്പോള്‍, റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.
















