വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഉല്‍പന്നങ്ങള്‍ നഷ്ടപ്പെടുന്നത് തടയാനും സ്‌റ്റോക്കെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുഗമമാക്കാനും സഹായിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതിക വിദ്യ ഇന്ത്യന്‍ വിപണിയില്‍ വ്യാപകമാക്കുന്നതിന് കേരളത്തിലെ കമ്പനിയായ ആഡ്‌ടെക് സിസ്റ്റംസും ജര്‍മന്‍ കമ്പനിയായ സിസ്‌പ്രോയും കൈകോര്‍ക്കുന്നു. സിസ്‌പ്രോയുടെ ആര്‍എഫ്‌ഐഡി സാങ്കേതികവിദ്യ ആഡ്‌ടെകിന് ലഭ്യമാക്കുന്നതിനാണ് ധാരണയായത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഡ്‌ടെക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ എം.ആര്‍. സുബ്രമണിയനും സിസ്‌പ്രോയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ തോമസ് റാഫ്‌ളറും തമ്മില്‍ ഇതിനുള്ള കരാര്‍ ഒപ്പിട്ടു.
1990 മുതല്‍ പ്രവര്‍ത്തിക്കുന്ന ആഡ്‌ടെക് ഇന്ത്യയില്‍തന്നെ ഇലക്ട്രോണിക് നിരീക്ഷണ മേഖലയിലെ മുന്‍നിര കമ്പനിയാണ്. വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഉപഭോക്തൃസേവനത്തിന് സുരക്ഷിതവും സുതാര്യവുമായ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്ന ആഡ്‌ടെക്, സ്ഥാപനത്തിലെത്തുന്ന ആളുകളുടെ എണ്ണം കണക്കാക്കല്‍, ഇലക്ട്രോണിക് ലോക്കുകള്‍, ഡിജിറ്റല്‍ സൂചകങ്ങള്‍, ഇലക്ട്രോണിക് ഷെല്‍ഫ് ലേബലിംഗ് തുടങ്ങി വിവിധങ്ങളായ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിലുടനീളം നൂറുകണക്കിന് റീട്ടെയ്ല്‍ ഔട്‌ലെറ്റ് ശൃംഖലകളില്‍ ഇവരുടെ സംവിധാനം നിലവില്‍ ഉപയോഗിച്ചുവരുന്നതിനൊപ്പം സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ഭൂട്ടാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യുന്നുണ്ട്. ലോകമെമ്പാടും ആര്‍എഫ്‌ഐപി സാങ്കേതിക വിദ്യകള്‍ റിട്ടെയ്ല്‍ ശൃംഖലകള്‍ക്കും മറ്റും വിതരണം ചെയ്യുന്ന സ്ഥാപനമാണ് സിസ്‌പ്രോ.
ഇന്‍ഡ്യന്‍ വിപണിക്ക് കൂടുതല്‍ അനുയോജ്യമായ അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനാണ് സിസ്‌പ്രോയുമായി ആഡ്‌ടെക് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഇരു കമ്പനികളുടേയും പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ അനുദിനം വളരുന്ന റീട്ടെയ്ല്‍ ശൃംഖലകള്‍ക്ക് കൂടുതല്‍ സൂക്ഷ്മവും കാര്യക്ഷമവുമായി ഉപയോഗിക്കാനാകുന്നവിധത്തില്‍ ആര്‍എഫ്‌ഐഡി സാങ്കേതിക വിദ്യയെ വിപുലീകരിക്കുകയാണ് കമ്പനികളുടെ സംയുക്ത നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സിസ്‌പ്രോ ചീഫ് സെയില്‍സ് ഓഫീസര്‍ തോമസ് റാഫ്‌ളര്‍, ഏഷ്യപസഫിക് സെയില്‍സ് ഡയറക്ടര്‍ ലോതര്‍ സ്ട്രക്‌മെയര്‍, ആഡ്‌ടെക് ചെയര്‍മാന്‍ എം.ആര്‍. നാരായണന്‍, എം.ഡി: എം.ആര്‍. സുബ്രമണിയന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.ആര്‍. കൃഷ്ണന്‍, കമ്പനി സെക്രട്ടറി എസ്. ബാലമുരളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















