കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാന്‍ഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് ദുബായിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (കെ.ഐ.ഐ.ഡി.സി.) ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാന്‍ഡായ ഹില്ലി അക്വ സ്വന്തമാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് കണ്ടെയ്‌നര്‍ കുപ്പിവെള്ളം ഇതിനോടകം ദുബായിലേക്ക് കയറ്റുമതി ചെയ്തു കഴിഞ്ഞു. യു.എ.ഇ., സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് ഹില്ലി അക്വയുടെ എല്ലാ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ അരോഹണ ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി എന്ന യു.എ.ഇ. ആസ്ഥാനമായുള്ള കമ്പനിയുമായി ചര്‍ച്ചകള്‍ നടന്നു വരുന്നു.
തിരുവനന്തപുരത്ത് നടന്ന ഗ്ലോബല്‍ ട്രാവല്‍ മീറ്റിലാണ് കയറ്റുമതിക്കുള്ള ധാരണയായത്. 2024 ഒക്ടോബര്‍ 1ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ കയറ്റുമതിയ്ക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭാവിയില്‍ ആഗോള ടെന്‍ഡറുകളിലൂടെ വിപണി സാധ്യതയുള്ള മറ്റ് വിദേശ രാജ്യങ്ങളിലെ വിതരണക്കാരെ കണ്ടെത്തി വിപണി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കും ഹില്ലി അക്വയുടെ വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതുച്ചേരിയിലെ മാഹിയില്‍ ഒരു വിതരണ കമ്പനിയുമായി കരാറിലേര്‍പ്പെട്ടു. കൂടുതല്‍ അന്യസംസ്ഥാന വിതരണക്കാരുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു.
പരിസ്ഥിതി മലിനീകരണം ഒഴിവാക്കാന്‍ ഇന്ത്യയില്‍ ആദ്യമായി ബയോ ഡിഗ്രേഡബിള്‍ കുപ്പികളില്‍ കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള നടപടികള്‍ ഹില്ലി അക്വ ആരംഭിച്ചു. ഇതിന്റെ ട്രയല്‍ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഗുണമേന്മയുള്ള ഐസ് ക്യൂബുകളുടെ വിതരണവും ഉടന്‍ ആരംഭിക്കും. ഹില്ലി അക്വ ആലുവയില്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് 2025 ഡിസംബറിലും കോഴിക്കോട് ചക്കിട്ടപ്പാറയിലെയും ഇടുക്കിയിലെ കട്ടപ്പനയിലെയും പ്ലാന്റുകള്‍ 2026 ഫെബ്രുവരിയിലും കമ്മീഷന്‍ ചെയ്യും. പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 19 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. പുതിയ പ്ലാന്റുകളുടെ കമ്മീഷനിങ്ങോടുകൂടി പ്രതിമാസ ഉല്‍പാദനം 50 ലക്ഷം ലിറ്ററായി വര്‍ദ്ധിപ്പിച്ച് 25 കോടി വിറ്റുവരവ് എന്ന ലക്ഷ്യം കൈവരിക്കാനാകും.
സര്‍ക്കാര്‍ വിപണന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റുവരവ് അഞ്ചു കോടി നിന്നും 11.4 കോടി രൂപയായി ഉയര്‍ത്താന്‍ സ്ഥാപനത്തിന് കഴിഞ്ഞു. കെസ്‌റ്റോര്‍, കണ്‍സ്യൂമര്‍ഫെഡ്, കെ.ടി.ഡി.സി., നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍, ജയില്‍ ഔട്ട്‌ലെറ്റുകള്‍, കേരള കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഗുരുവായൂര്‍ ദേവസ്വം, മെഡിക്കല്‍ കോളേജ് ഔട്ട്‌ലെറ്റ്, വനം വകുപ്പ് ഔട്ട്‌ലെറ്റ്, കെ.എസ്.ആര്‍.ടി.സി., കൂടാതെ ‘സുജലം പദ്ധതി’ പ്രകാരം കേരളത്തിലെ റേഷന്‍ കടകളിലൂടെ വിതരണം മെച്ചപ്പെടുത്തിയതും നേട്ടമായി. കൂടാതെ, മൂന്ന് വര്‍ഷത്തേക്ക് റെയില്‍വേ വഴി വില്‍പന നടത്താനും ധാരണയായിട്ടുണ്ട്. ഭൂഗര്‍ഭജലത്തിന് പകരം മലങ്കര, അരുവിക്കര ഡാമുകളിലെ ജലമാണ് ഹില്ലി അക്വ കുപ്പിവെള്ളം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഉപരിതലജലത്തില്‍ നിന്ന് ജലം ബോട്ടിലിംഗ് ചെയ്യുന്ന ഏക കുപ്പിവെള്ള സ്ഥാപനമാണ് ഹില്ലി അക്വ.
















