കേരള സർവകലാശാലയിലെ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ ഗവേഷകനായ ഡോ.സ്മൃതിരാജ്, കുഫോസ് വൈസ് ചാൻസലർ ഡോ.ബിജു കുമാർ എന്നിവർ ചേർന്ന് പശ്ചിമഘട്ടത്തിൽ നിന്നും പുതിയ ഇനം ഞണ്ടുകളെ കണ്ടെത്തി. രണ്ടിനം ശുദ്ധജല ഞണ്ടുകളെ ആണ് കണ്ടെത്തിയത്.

പിലാർട്ട വാമൻ, കാസർഗോഡിയ ഷീബേ ഇനങ്ങളെയാണ് ഗവിയിലും കാസർകോട്ടും കണ്ടെത്തിയത്. ഗവിയിൽ കണ്ടെത്തിയ ഞണ്ടിനു വലുപ്പം കുറവായതിനാലാണ് പിലാർട്ട വാമൻ എന്ന പേരിട്ടത്. ഇവയ്ക്ക് ചതുരാകൃതിയിലുള്ള പുറംതോടുണ്ട്. സൂടാക്സ ജേണലിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സുവോളജി വിഭാഗം അധ്യാപികയും ഡോ.സ്മൃതിരാജിന്റെ ഭാര്യയുമായ ഡോ.ഷീബയുടെ പേരു കൂടി ചേർത്താണ് കാസർഗോഡിയ ഷീബേ എന്നു പേരിട്ടത്. ജേണൽ ഓഫ് ക്രസ്റ്റേഷ്യൻ ബയോളജിയിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. ഇവയുടെ പുറംതോടിന്റെ നിറം തവിട്ടും ഓറഞ്ചുമാണ്. സിംഗപ്പൂർ നാഷനൽ യൂണിവേഴ്സിറ്റിയിലെ ലീ കോങ് ചിയാൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പീറ്റർ ഉങ് പഠനത്തിൽ പങ്കാളിയായി.
കേരളത്തിൽ കാണുന്ന ശുദ്ധജല ഞണ്ടുകളിൽ 70 ശതമാനത്തോളം പശ്ചിമഘട്ടത്തിലാണ്. രാത്രിയിൽ മാത്രം സജീവമാകുന്നതിനാലും ആഴത്തിലുള്ള മാളങ്ങളിൽ ജീവിക്കുന്നതിനാലും ഇവയെക്കുറിച്ചുള്ള പഠനം ദുഷ്കരമാണെന്നും കഴിഞ്ഞ 5 വർഷത്തെ പഠനത്തിനിടെ പശ്ചിമഘട്ടത്തിൽനിന്ന് എട്ടിലേറെ പുതിയ ഞണ്ടിനങ്ങളെ കണ്ടെത്താനായെന്നും ഡോ.ബിജുകുമാർ പറഞ്ഞു.
















