ഡൽഹി-എൻ.സി.ആറിലെ തെരുവ് നായ്ക്കളെ തെരുവുകളിൽ നിന്ന് ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പതിറ്റാണ്ടുകളായി പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിൻമാറ്റമായിരിക്കും ഇതെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
തുടച്ചുനീക്കപ്പെടേണ്ടതായ പ്രശ്‌നങ്ങളല്ല ഈ മിണ്ടാപ്രാണികളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നും സഹതാപം ഇല്ലാത്തതുമായ പ്രവൃത്തിയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെയ്പ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണം.
ക്രൂരതയില്ലാത്ത തന്നെ തെരുവുനായകളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരം മാര്‍ഗങ്ങള്‍ ഏര്‍പ്പെടുന്നതിലൂടെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും അതിനൊപ്പം മൃഗക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
















