ബ്രിട്ടീഷ് മോട്ടോർസൈക്കിൾ കമ്പനിയായ ട്രയംഫിന്‍റെ ത്രക്സ്റ്റൺ 400 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ട്രയംഫ് സ്‌പീഡ് 400 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ബൈക്ക്. ട്രയംഫ് ത്രക്സ്റ്റൺ 1200ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സെമി-ഫെയറിങുള്ള ഒരു കഫേ റേസർ ഡിസൈനും ഈ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്‌പീഡ് T4, സ്‌പീഡ് 400, സ്ക്രാംബ്ലർ 400X, ത്രക്സ്റ്റൺ 400, സ്ക്രാംബ്ലർ XC എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ മറ്റ് 400 സിസി ബൈക്കുകളുടെ നിരയിലേക്കാണ് ഈ മോഡലും ചേർത്തത്. 400 സെഗ്‌മെന്‍റിൽ പുതിയ മോഡൽ പുറത്തിറക്കിയതിന് പുറമെ ട്രയംഫ് സ്‌പീഡ് 400ന്‍റെ വിലയും കമ്പനി വർധിപ്പിച്ചു. 2,46,217 രൂപയ്‌ക്ക് ലഭ്യമായിരുന്ന ബൈക്ക് 2,50,551 രൂപയാക്കി വർധിപ്പിച്ചു. 4,334 രൂപയാണ് വർധിച്ചത്.
ട്രയംഫ് ത്രക്സ്റ്റൺ 400ന് 2.74 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ലാവ റെഡ് ഗ്ലോസ്/അലുമിനിയം സിൽവർ, ഫാന്‍റം ബ്ലാക്ക്/അലുമിനിയം സിൽവർ, മെറ്റാലിക് റേസിങ് യെല്ലോ/അലുമിനിയം സിൽവർ, പേൾ മെറ്റാലിക് വൈറ്റ്/സ്റ്റോം ഗ്രേ എന്നീ നാല് നിറങ്ങളിലാണ് ഇത് ലഭ്യമാവുക. ട്രയംഫ് ത്രക്സ്റ്റൺ 400ന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ല.
എന്നാൽ റോയൽ എൻഫീൽഡ് കോണ്ടിനെന്‍റൽ ജിടി 650 ആണ് സ്റ്റൈലിങിൽ എതിരാളി. എന്നാൽ ജിടി 650 തികച്ചും വ്യത്യസ്‌തമായ എഞ്ചിൻ കോൺഫിഗറേഷനിലും വിലയിലും റേഞ്ചിലുമാണ് ലഭ്യമാവുക. 647.95 സിസി, എയർ/ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനുമായാണ് ത്രക്സ്റ്റൺ 400 ലഭ്യമാവുക. 3.25 ലക്ഷം മുതൽ 3.52 ലക്ഷം രൂപ വരെയാണ് ഇതിന്‍റെ എക്‌സ്-ഷോറൂം വില.
ട്രയംഫിന്‍റെ ത്രക്സ്റ്റൺ 400ൽ പുതിയ റെട്രോ-സ്റ്റൈൽ ബുള്ളറ്റ് ഫെയറിങ് ഉണ്ട്. അതിൽ ഒരു വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ് ഉൾപ്പെടുന്നു. പുതിയ ബൈക്കിർ വീതിയുള്ള സിംഗിൾ-പീസ് ഹാൻഡിൽ ബാർ-എൻഡ് റിയർ-വ്യൂ മിററുള്ള ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. ഷാർപ്പ് ലുക്ക് നൽകുന്നതിനായി ഇന്ധന ടാങ്ക് റീഡിസൈൻ ചെയ്‌തിട്ടുണ്ട്. കൂടാതെ കഫേ റേസർ ലുക്ക് നിലനിർത്തുന്നതിനായി പില്യൺ സീറ്റിനെ മൂടുന്ന റിയർ കൗൾ നീക്കം ചെയ്‌തിട്ടുണ്ട്. പുതിയ ബൈക്കിന്‍റെ മറ്റ് ഡിസൈന ഘടകങ്ങൾ സ്‌പീഡ് 400ന് സമാനമാണ്.പുതിയ ബൈക്കിൽ ഇന്‍റഗ്രേറ്റഡ് ഫുൾ-ഫീച്ചർ എൽസിഡി ഡിസ്‌പ്ലേയുള്ള അനലോഗ് സ്‌പീഡോമീറ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച്, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, യുഎസ്ബി-സി ചാർജിങ് പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.
ട്രയംഫിന്‍റെ ത്രക്സ്റ്റൺ 400ന് കരുത്ത് പകരുന്നത് 398 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ, 4-വാൽവ്, DOHC എഞ്ചിൻ ആണ്. 9,000 ആർപിഎമ്മിൽ 41.4 bhp പവറും 7,500 ആർപിഎമ്മിൽ 37.5 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ. 6-സ്‌പീഡ് ഗിയർബോക്‌സുമായാണ് ഇത് ജോഡിയാക്കിയത്. 775 mm വീതിയും 1,110 mm ഉയരവും 1,376 mm വീൽബേസും ഉണ്ട്. 183 കിലോഗ്രാം ഭാരമുണ്ട്. ഇന്ധന ടാങ്ക് ശേഷി 13 ലിറ്ററാണ്.
മുന്നിലും പിന്നിലുമായി 17 ഇഞ്ച് കാസ്റ്റ് അലുമിനിയം അലോയ് വീലുകളിലാണ് ഇത് ഓടുന്നത്. മുന്നിൽ 43 mm അപ്സൈഡ്-ഡൌൺ വലിയ പിസ്റ്റൺ ഫോർക്ക് സസ്പെൻഷനും പിന്നിൽ ഗ്യാസ് മോണോഷോക്ക് RSU സസ്പെൻഷനും നൽകിയിരിക്കുന്നു. മുന്നിൽ 300mm സിംഗിൾ ഡിസ്‌ക് ബ്രേക്കും പിന്നിൽ 230mm സിംഗിൾ ഡിസ്‌ക് ബ്രേക്കുമാണ് നൽകിയിരിക്കുന്നത്.
2.46 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലുണ്ടായിരുന്ന ട്രയംഫ് സ്‌പീഡ് 400ന്‍റെ വില ഇനി 2.50 ലക്ഷം രൂപയായിരിക്കും. 4,334 രൂപയാണ് വർധിച്ചത്. ബൈക്കിന്‍റെ ഡിസൈൻ, ഫീച്ചർ ലിസ്റ്റ് അല്ലെങ്കിൽ മെക്കാനിക്കൽ ഘടകങ്ങളിൽ ട്രയംഫ് ഒരു മാറ്റവും വരുത്തിയിട്ടില്ല. റേസിങ് യെല്ലോ, പേൾ മെറ്റാലിക് വൈറ്റ്, ഫാന്‍റം ബ്ലാക്ക്, റേസിംഗ് റെഡ് എന്നീ നാല് പെയിന്റ് സ്‌കീമുകളിൽ സ്‌പീഡ് 400 ഇപ്പോഴും ലഭ്യമാണ്.
















