താല്‍ക്കാലിക വിസി നിയമന കേസില്‍ ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ആര്‍ക്കാണ് ഉള്ളതെന്ന് ചോദിച്ച സുപ്രീം കോടതി, സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി തീരുമാനിക്കുമെന്നും അറിയിച്ചു.
സർവകലാശാല ചട്ടം വായിച്ച് കേൾപ്പിച്ച കോടതി, ഗവർണർ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഗവർണർ രൂപീകരിച്ച ബദൽ സെർച്ച് കമ്മിറ്റിയാണ് വിസി നിയമത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന വാദവും കോടതി അംഗീകരിച്ചു.
വ്യാഴാഴ്ച കേസ് അടിയന്തരമായി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച ജെ ബി പർദ്ദിവാല അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, ഗവർണർക്ക് വേണ്ടി ഹാജറായ അറ്റോണി ജനറലിന്റെ വാദങ്ങൾ തള്ളി. സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാരും ഗവര്‍ണറും 4 പേരുകള്‍ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
സെര്‍ച്ച് കമ്മിറ്റിയുടെ അഭിപ്രായത്തിന് മുകളില്‍ ചാന്‍സിലര്‍ക്ക് ഇടപെടാന്‍ കഴിയില്ല. താല്‍ക്കാലിക വിസി നിയമന കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീം കോടതി നിർദേശം മറികടന്നും ചട്ടം ലംഘിച്ചും ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാർക്ക് പുനർനിയമനം നൽകിയ ഗവർണറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
















