വണ്ണം കുറയ്ക്കാനായാലും, ഡയറ്റ് പറഞ്ഞു തരാനായാലും, കാണാതെ പോയ സാധനം കണ്ടുപിടിച്ചുതരാനും സഹായകരമായ ടൂളാണ് ചാറ്റ്ജിപിടി. പലരും ഇന്ന് ജെമിനി, ചാറ്റ്ജിപിടി തുടങ്ങിയ എഐ അസിറ്റന്റ് ടൂളുകള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സഹായിക്കുന്നതെന്ന് വെളിപ്പെടുത്തി രംഗത്തുവരാറുണ്ട്. ഇപ്പോഴിതാ തന്നെ ഷോപ്പിങ്ങിനിടെ നല്ല തണ്ണിമത്തന്‍ തിരഞ്ഞെടുക്കാന്‍ ചാറ്റ്ജിപിടി സഹായിച്ചതിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഒരു യുവതി. യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലാണ്.
കണ്ടന്റ് ക്രിയേറ്ററും അധ്യാപികയുമായ രവലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുന്നത്. കൂട്ടിയിട്ട തണ്ണിമത്തനുകളുടെ ഫോട്ടോ എടുത്ത് ഇതിലേതാണ് നല്ലതെന്ന് യുവതി ചാറ്റ്ജിപിടിയോട് ചോദിച്ചു. ചോദിക്കേണ്ട താമസം വിശദീകരണങ്ങളോടെ ചാറ്റ്ജിപിടി മറുപടിയും നൽകി.
‘ഏറ്റവും നല്ല തണ്ണിമത്തന്‍ തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ ചാറ്റ്ജിപിടിയോട് ആവശ്യപ്പെട്ടു. അത് കൃത്യമായി തിരഞ്ഞെടുത്ത് തന്നു. ഏറ്റവും മധുരമുള്ള തണ്ണിമത്തന്‍ ലഭിച്ചു. ഇനി തണ്ണിമത്തന്‍ എടുക്കുന്നതിന് മുന്‍പ് അതില്‍ തട്ടിനോക്കുകയോ, പരിശോധിക്കുകയോ, ചെയ്യേണ്ടതില്ല. ‘ വീഡിയോയ്‌ക്കൊപ്പം യുവതി കുറിച്ചു. എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. സമാനരീതിയിലുള്ള വീഡിയോ ഇതിന് മുൻപും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
STORY HIGHLIGHT: chatgpt picks perfect watermelon
















