ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ പല യുദ്ധങ്ങളും താന്‍ ഇടപ്പെട്ട് തടഞ്ഞുവെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അലാക്‌സക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്.
അടച്ചിട്ട മുറിയില്‍ മൂന്ന് മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്. എന്നാൽ റഷ്യ-യുക്രൈൻ വിഷയത്തില്‍ വെടിനിര്‍ത്തല്‍ ധാരണയാകാതെയാണ് ചര്‍ച്ച അവസാനിച്ചത്. ഫോക്‌സ് ന്യൂസിലെ ഷോണ്‍ ഹാനിറ്റി ട്രംപുമായി നടത്തിയ അഭിമുഖത്തിലാണ് ഇന്ത്യാ-പാക് യുദ്ധത്തെക്കുറിച്ച് ട്രംപ് പരാമർശം നടത്തിയത്. അമേരിക്കയില്‍ നിന്ന് ഏറെ അകലെ നടക്കുന്ന തര്‍ക്കങ്ങളില്‍ ട്രംപ് എന്തിന് തന്റെ സമയവും ഊര്‍ജ്ജവും ചെലവഴിക്കുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധങ്ങള്‍ വിനാശം കൊണ്ടുവരുമെന്നും അത് തടയേണ്ടത് ഉത്തരവാദിത്തമായി കരുതുന്നു. എല്ലാ സാഹചര്യങ്ങളിലും ജീവന്‍ രക്ഷിക്കുക എന്നതാണ് ഒന്നാമത്തെ കാരണം. ഇന്ത്യയെയും പാകിസ്താനെയും നോക്കൂ. അവര്‍ ഇതിനകം വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തിയിരുന്നു. താന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ സംഘര്‍ഷം മുന്നോട്ട് പോയിരുന്നുവെങ്കില്‍ അത് ഒരുപക്ഷേ ആണവായുധത്തിലെത്തുമായിരുന്നു. ജീവനാണ് പ്രഥമസ്ഥാനം. മറ്റെല്ലാം രണ്ടാമതേ വരൂ. യുദ്ധം നിര്‍ത്താന്‍ സമ്മതിക്കുന്നില്ലെങ്കില്‍ വാഷിംഗ്ടണ്‍ വ്യാപാര കരാറുകള്‍ പിന്തുടരില്ലെന്ന് രണ്ട് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ട്രംപ് പറഞ്ഞു.
STORY HIGHLIGHT: donald trump
















