അൽഷിമേഴ്‌സിന് കാരണകുന്ന 200 ലധികം പ്രോട്ടീനുകളെ കണ്ടെത്തിയതായി പഠനം. ജോണ്‍സ് ഹോപ്‌കിൻസ് സർവകലാശാലയിലെ ഗവേഷകർ പ്രായമായ എലികളുടെ തലച്ചോറിൽ നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടുപിടുത്തം. വൈജ്ഞാനികശേഷി കുറയ്‌ക്കുന്ന നൂറിലധികം മിസ്‌ഫോൾഡഡ് പ്രോട്ടീനുകളെയാണ് കണ്ടെത്തിയത്.
സാധാരണഗതിയിൽ ശരീരത്തിലുണ്ടാകുന്ന അമിലോയ്‌ഡുകളും ടൗ പ്ലേക്കുകളുമാണ് അൽഷിമേഴ്‌സിന് കാരണമാവുന്നത്. ആകൃതി മാറ്റുന്ന ഇത്തരത്തിലുള്ള പ്രോട്ടീനുകളെ കണ്ടെത്താൻ വളരെ പ്രയാസമാണ്. ഇതുപോലുള്ള തന്മാത്രകൾ തലച്ചോറിൻ്റെ ശുദ്ധീകരണ സംവിധാനങ്ങളെ മറികടന്ന് ഓർമശക്തിയെയും തലച്ചോറിൻ്റെ പ്രവർത്തനത്തെയും തകരാറിലാക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ഡിമെൻഷ്യയെ നേരത്തേ തിരിച്ചറിയാനും അൽഷിമേഴ്‌സിന് മികച്ച പ്രതിരോധമാർഗം കണ്ടുപിടിക്കാനും ഇതു സഹായിച്ചേക്കും. പ്രായമാവുമ്പോൾ ഓർമ കവർന്നെടുക്കുന്ന ഡിമെൻഷ്യ, അൽഷിമേഴ്‌സ് എന്നിവ കാരണം നമുക്ക് ചുറ്റും അനേകം മനുഷ്യർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ഇവർക്കെല്ലാം ആശ്വാസം നൽകുന്ന പുതിയ ചികിത്സാ രീതി കണ്ടെത്താനും ഇത്തരം കണ്ടെത്തലുകൾ സഹായിച്ചേക്കും. രൂപവ്യത്യാസം സംഭവിച്ച പ്രോട്ടീനുകളുടെ ശേഖരമാണ് അമിലോയ്‌ഡുകൾ. മൈക്രോസ്‌കോപ്പിന് പോലും കാണാൻ പറ്റാത്ത അത്ര ചെറുതായിരിക്കും ഇവ.
അമിലോയ്‌ഡുകളിൽ കൂടിച്ചേരാത്ത നൂറുകണക്കിന് പ്രോട്ടീനുകൾ തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നതായി അസിസ്റ്റൻ്റ് പ്രൊഫസറും പ്രോട്ടീൻ ശാസ്‌ത്രജ്ഞനുമായ സ്റ്റീഫൻ ഫ്രൈഡ് പറഞ്ഞു.
മാനസികമായി മൂർച്ചയുളളതും, ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമായ പ്രായമായ തലച്ചോറുകൾ തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ ഫ്രൈഡും സംഘവും ഒരേ കോളനിയിൽ വളർന്ന 12 എലികളിൽ പരീക്ഷണം നടത്തി. ഓർമ, പ്രശ്‌നപരിഹാര പരിശോധനകളിൽ ഏഴ് എലികൾ മോശം പ്രകടനം കാഴ്‌ച്ചവച്ചു.
അതേസമയം ആറു മാസം പ്രായമായ എലികളിൽ നടത്തിയ പരിശോധയിൽ 10 എലികളും വിജയിച്ചു. സ്‌പെഷ്യൽ ലേണിങ്, ഓർമ ശക്തി എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിൻ്റെ ഭാഗമായ ഹിപ്പോകോമ്പസിലെ 2,500ൽ പരം പ്രോട്ടീനുകളുടെ എണ്ണമെടുത്താണ് ഗവേഷകർ പഠനം നടത്തിയത്.
വ്യക്തിഗത പ്രോട്ടീനുകൾ ആകൃതി തെറ്റിയാണോ അതോ തെറ്റായി മടങ്ങിയാണോ കിടക്കുന്നതെന്ന് തെളിയിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. എലികളിലെ ഫോൾഡഡ് പ്രോട്ടീനുകളെ തിരിച്ചറിയാനും വെജ്ഞാനിക വൈകല്യമുള്ള എലികളിലെ പ്രത്യേകമായ ഫോൾഡഡ് പ്രോട്ടീനുകൾ ഏതൊക്കെയാണെന്ന് മനസിലാക്കാനും ഗവേഷകർക്ക് കഴിഞ്ഞു.
വൈജ്ഞാനിക വൈകല്യമുളള എലികളിൽ 200ലധികം മിസ്‌ഫോൾഡഡ് പ്രോട്ടീനുകൾ കണ്ടെത്തി. അതേസമയം, വൈജ്ഞാനിക ശേഷിയുള്ള എലികൾ ആകൃതി നിലനിർത്തി. മിസ്‌ഫോൾഡഡ് പ്രോട്ടീനുകൾക്ക് കോശങ്ങൾക്ക് വേണ്ടി ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. അതിനാൽ കോശങ്ങൾക്ക് ഇത്തരത്തിലുള്ള പ്രോട്ടീനുകളെ കണ്ടെത്തി തിരിച്ചറിഞ്ഞ് നശിപ്പിക്കുന്ന ഒരു സ്വാഭാവിക നിരീക്ഷണ സംവിധാനമുണ്ട്.
മിസ്‌ഫോൾഡ് ആവാൻ സാധ്യതയുള്ള ഒരുപാട് പ്രോട്ടീനുകൾ കോശത്തിലുണ്ട്. കോശത്തിലെ നിരീക്ഷണ സംവിധാനത്തിൽ നിന്ന് രക്ഷപ്പെടാനും ഇവയ്‌ക്ക് കഴിയും. കോശത്തിലെ നിരീക്ഷണ സംവിധാനത്തിൽ നിന്ന് ഇവ എങ്ങനെ തെന്നിമാറുന്നു എന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്.
മിസ്‌ഫോൾഡഡ് പ്രോട്ടീനുകളെ ഉയർന്ന റെസല്യൂഷനുളള മൈക്രോസ്‌കോപ്പിൽ നിരീക്ഷിക്കാനും തന്മാത്രാ തലത്തിലുളള അവയുടെ വൈകല്യങ്ങൾ എങ്ങനെയിരിക്കുമെന്ന് മനസിലാക്കാനുമാണ് സംഘം ലക്ഷ്യമിടുന്നത്.
‘ദൈനംദിന ജോലി പോലും ചെയ്യാനാവാതെ ഓർമയും ബുദ്ധിയും നഷ്‌ടപ്പെട്ട ഒരുപാട് പേരെ നമുക്ക് അറിയാം. അവരിൽ പലരും നമ്മുടെ പ്രിയപ്പെട്ടവരായിരിക്കും. നമ്മുടെ തലച്ചോറിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയാൽ അൽഷിമേഴ്‌സിനെതിരായ ചികിത്സാരീതി വികസിപ്പിച്ചെടുക്കാനും രോഗപ്രതിരോധ നടപടിയെക്കുറിച്ചും മനസിലാക്കാൻ സാധിച്ചേക്കുമെന്നും’ ഫ്രൈഡ് പറഞ്ഞു.
















