ലതേഹാർ: ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിലെ റെസിഡൻഷ്യൽ സ്കൂളിന്റെ ഹോസ്റ്റൽ മുറിയിൽ തീപിടിത്തം ഉണ്ടായി. തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. തീപിടുത്തത്തിൽ 25 പെൺകുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ബരിയാട്ടുവിലെ കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ഹോസ്റ്റലിലാണ് തീപിടിത്തം ഉണ്ടായത്.
വിദ്യാർഥിനികളുടെ കിടക്കകളും പഠനോപകരണങ്ങളും തീപിടുത്തത്തിൽ പൂർണമായി കത്തി നശിച്ചു. രാവിലെ 6 മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് ഹോസ്റ്റൽ വാർഡൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് ഒരു മണിക്കൂറിലധികം സമയം കൊണ്ടാണ് തീ പൂർണമായി നിയന്ത്രണ വിദേയമാക്കിയത്. തീ നിയന്ത്രണവിധേയമാക്കാൻ നാട്ടുകാരും വിദ്യാർഥികളും അഗ്നിശമന സേനാംഗങ്ങളെ സഹായിച്ചു.
ഹോസ്റ്റൽ മുറിയിലെ 25 വിദ്യാർത്ഥികൾ ശാരീരിക പരിശീലനത്തിനായി ഗ്രൗണ്ടിൽ ഉണ്ടായിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ബരിയാട്ടു പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് രഞ്ജൻ കുമാർ പാസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു.
തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി.ഇ.ഒ) പ്രിൻസ് കുമാർ പറഞ്ഞു. ഭാവിയിൽ ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാൻ കെട്ടിടത്തിലെ വൈദ്യുതി കണക്ഷനുകൾ വിശദമായി പരിശോധിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹോസ്റ്റലിൽ ആകെ 221 വിദ്യാർഥികളാണ് താമസിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
















