25 ദശലക്ഷം ഡോളർ വിലമതിക്കുന്ന പിങ്ക് രത്നം മോഷ്ടിക്കാനുള്ള ശ്രമം പാടെ തകർത്ത് ദുബൈ പോലീസ്. സംഭവത്തിൽ മൂന്നംഗ സംഘം അറസ്റ്റിലായി. ദുബൈയിലെ ഒരു രത്നവ്യാപാരിയിൽ നിന്ന് തട്ടിയെടുത്ത് രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. . മോഷണത്തിനായി ഒരു വർഷം നീണ്ട ആസൂത്രണമാണ് പ്രതികൾ നടത്തിയത്.
വ്യാപാരിയെ സമീപിച്ച സംഘം അതി സമ്പന്നനായ ഒരാൾ രത്നം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വ്യാപാരിയുടെ വിശ്വാസം നേടുന്നതിന് പ്രതികൾ ആഡംബര കാറുകൾ വാടകക്ക് എടുക്കുകയും വമ്പൻ ഹോട്ടലുകളിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഏറെ നാളത്തെ പ്രയത്നത്തിനൊടുവിൽ പ്രതികളെ വിശ്വസിച്ച വ്യാപാരി അതീവ സുരക്ഷയിൽ സൂക്ഷിച്ചിരുന്ന രത്നം പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു. പ്രതികൾ വ്യാപാരിയെ രത്നം വാങ്ങാമെന്നേറ്റ ആൾ താമസിക്കുന്ന ഒരു വില്ലയിലേക്ക് കൊണ്ടുപോയി വ്യാപാരി രത്നം പുറത്തെടുത്ത ഉടനെ തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ വ്യാപാരി പോലീസിൽ അറിയിക്കുകയും പോലീസ് പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. ഒരു ഏഷ്യൻ രാജ്യത്തേക്ക് കൊണ്ടുപോകാനായി തയ്യാറാക്കിയ റഫ്രിജറേറ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു രത്നം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രതികളെ പോലീസ് സാഹസികമായി പിടികൂടിയത്.
STORY HIGHLIGHT: Dubai police retrieve stolen diamond
















