അബുദാബിയിൽ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) സ്കൂളുകളിൽ പോഷകാഹാര നയങ്ങൾ കർശനമാക്കി. വിദ്യാർഥികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് ലക്ഷ്യമിടുന്നത്. മധ്യവേനൽ അവധിക്കുശേഷം 25ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് നടപടി കർശനമാക്കിയത്.
ഫാസ്റ്റ് ഫുഡോ മറ്റു അനാരോഗ്യ ഭക്ഷണങ്ങളോ കുട്ടികൾ കഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും പുറത്തെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഭക്ഷണം സ്കൂളിലേക്ക് ഓർഡർ ചെയ്യുന്നതിൽ നിന്ന് വിദ്യാർഥികളെ വിലക്കുകയും ചെയ്യും.
ഏകാഗ്രത, ഓർമ ശക്തി, ഊർജം, ആരോഗ്യം തുടങ്ങി കുട്ടികളുടെ മൊത്തത്തിലുള്ള ക്ഷേമം എന്നിവ വർധിപ്പിക്കുന്നതിൽ ശരിയായ പോഷകാഹാരത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ബോധവൽക്കരണ സന്ദേശങ്ങളിൽ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് വ്യക്തമാക്കി.
ആരോഗ്യകരമായ ലഞ്ച് ബോക്സിനുള്ള മാനദണ്ഡങ്ങളും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. ഭക്ഷണം കേടാകാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേക അറകളുള്ള ടിഫിൻ ബോക്സുകളാണ് വേണ്ടത്. ഭംഗിയും സൗകര്യവുമുള്ള പാത്രം മാത്രം പോരാ, അതിൽ വീട്ടിൽ തയ്യാറാക്കിയ സമീകൃത ആഹാരം കൊടുത്തയച്ചാലേ കുട്ടികളുടെ ആരോഗ്യം സുരക്ഷിതമാകൂ എന്ന് അധികൃതർ അറിയിച്ചു.
















