വ്യക്തി നിയമപ്രകാരം, 15 വയസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച് സുപ്രീംകോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ദേശീയ ബാലാവകാശ കമ്മിഷന്റെ അപ്പീൽ തള്ളി.
പ്രായപൂർത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിക്കുന്ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യാൻ ബാലാവകാശ കമ്മീഷന് എന്ത് കാര്യമെന്നും ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നിയമപരമായി, 18 വയസ് തികയാത്ത പെൺകുട്ടിക്ക് വിവാഹം ചെയ്യാനാകില്ലെന്ന് ഇരിക്കെ, വ്യക്തിനിയമത്തിന്റെ മാത്രം പിൻബലത്തിൽ അത് സാധ്യമാകുമോയെന്ന നിയമപ്രശ്നമെങ്കിലും തുറന്നുവയ്ക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ആവശ്യവും സുപ്രീംകോടതി തള്ളി.
ഇക്കാര്യത്തിൽ നിയമപ്രശ്നമൊന്നും ബാക്കി നിൽക്കുന്നില്ല. അത് ഉചിതമായ കേസിൽ ഉന്നയിച്ചുകൊള്ളാനും സുപ്രീംകോടതി ബാലാവകാശ കമ്മീഷനോട് നിർദേശിച്ചു. പ്രായപൂർത്തിയായില്ലെങ്കിലും മുസ്ലിം വ്യക്തിനിയമ പ്രകാരം, ഋതുമതിയായ പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും ഒപ്പം താമസിക്കാനും മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും വിധി. 16കാരിയും 21കാരനും വീട്ടുകാരിൽ നിന്ന് സുരക്ഷ ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി.
















