സ്വകാര്യ സ്കൂളുകളിൽ ജോലിക്ക് അപേക്ഷിക്കുന്ന അധ്യാപകർ നല്ല പെരുമാറ്റ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ക്രിമിനൽ റെക്കോഡ് പരിശോധനാ സർട്ടിഫിക്കറ്റോ ഹാജരാക്കിയിരിക്കണമെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിൽ ഉള്ളവർ പ്രാദേശിക പൊലീസ് സ്റ്റേഷനിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
അംഗീകൃത വിദ്യാഭ്യാസ നയങ്ങൾക്കനുസരിച്ച് സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാനാണ് നടപടിക്രമങ്ങൾ ശക്തമാക്കുന്നതെന്ന് അഡെക് അധികൃതർ പറഞ്ഞു. വിദേശത്തുനിന്നുള്ള അപേക്ഷകർ അവരുടെ മാതൃരാജ്യത്തെ ബന്ധപ്പെട്ട അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തെ 6 മാസം കാലാവധിയുണ്ടായിരുന്ന സർട്ടിഫിക്കറ്റിന്റെ കാലപരിധി ഇപ്പോൾ ഒരു മാസമാക്കി കുറച്ചു.
ഒരു മാസത്തിനകം ജോലി അപേക്ഷ അഡെക് അംഗീകരിച്ചില്ലെങ്കിൽ പുതിയ പിസിസി സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ 2 വർഷ കാലാവധിയുള്ള അധ്യാപക ലൈസൻസ് കാലാവധി അവസാനിച്ച് 15 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ റദ്ദാകും.
STORY HIGHLIGHT: mandatory police clearance for teacher
















