സ്കൂളുകളില്‍ ഹ്യുമെന്‍ പാപ്പിലോമ വൈറസിനെതിരായ വാക്സിന് ഉള്‍പ്പെടുത്താന്‍ പദ്ധതിയുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള പൊതു, സ്വകാര്യ സ്കൂളുകളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ വാക്സിന് ലഭ്യമാക്കുക. ഒമാന്റെ ദേശീയ സ്കൂള്‍ രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായാണ് സ്കൂള്‍ കുട്ടികള്‍ക്ക് ഹ്യുമെന്‍ പാപ്പിലോമ വൈറസ് വാക്സിന് നല്‍കുന്നത്.
ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടി. രാജ്യവ്യാപകമായി വാക്സിന് വിതരണം വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് മുസന്ദം ഗവര്‍ണറേറ്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ മറ്റ് ഗവര്‍ണറേറ്റുകളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
വാക്സിന് കൈകാര്യം ചെയ്യല്‍, കോള്‍ഡ് ചെയിന്‍ അറ്റകുറ്റപ്പണി, വിതരണ പ്രോട്ടോക്കോളുകള്‍, പൊതുജന അവബോധം വര്‍ദ്ധിപ്പിക്കല്‍ എന്നിവയുടെ ഭാഗമായാണ് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഭാവി തലമുറയെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായണ് സ്കൂള്‍ തലത്തില്‍ വാക്സില്‍ ലഭ്യമാക്കുന്നതെന്ന് ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബദര്‍ ബിന്‍ സൈഫ് അല്‍ റവാഹി പറഞ്ഞു.
















