ക്രൂയിസ് കൺട്രോൾ സംവിധാനവും പുത്തൻ ഫീച്ചറുകളുമായി അടുത്തിടെയാണ് പുതിയ ഗ്ലാമർ എക്‌സ് 125 പുറത്തിറക്കിയത്. ഇതിന് പിന്നാലെ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ഹീറോ എക്സ്ട്രീം 125 ആറിന്‍റെ അപ്‌ഡേറ്റ് ചെയ്‌ത സിംഗിൾ സീറ്റർ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് ഇതിന്‍റെ എക്‌സ്-ഷോറൂം വില. എക്‌സ്‌ട്രീം 125 ആറിന്‍റെ പുതിയ വേരിയന്‍റിനെ കുറിച്ച് കൂടുതലറിയാം.
ഹീറോ എക്സ്ട്രീം 125 ആറിന്‍റെ മുൻ മോഡലുകൾ സ്പ്ലിറ്റ്-സീറ്റ് സജ്ജീകരണത്തോടെയാണ് കമ്പനി വിറ്റഴിച്ചിട്ടുള്ളത്. ഇത് അതിന്‍റെ സ്‌പോർട്ടി യൂത്ത് ഡിസൈനിന് അനുയോജ്യമാണ്. എന്നാൽ ഇപ്പോൾ സിംഗിൾ-സീറ്റ് വേരിയന്‍റ് അപ്‌ഡേറ്റോടെ എത്തിയിരിക്കുകയാണ്. എന്നാൽ പുതിയ സിംഗിൾ-സീറ്റ് വേരിയന്‍റിനായി കമ്പനി ലോഞ്ച് ഇവന്‍റ് ഒന്നും തന്നെ നടത്തിയിട്ടില്ല.
ഇതോടെ ഹീറോ എക്‌സ്‌ട്രീം 125 ആർ മൂന്ന് വേരിയന്‍റുകളിൽ ലഭ്യമാവും. എക്‌സ്‌ട്രീം 125 ആർ ഐബിഎസ്, എക്‌സ്‌ട്രീം 125 ആർ എബിഎസ്, എക്‌സ്‌ട്രീം 125 ആർ സിംഗിൾ സീറ്റർ എന്നിവയാണ് മൂന്ന് വേരിയന്‍റുകൾ. ഇതിൽ സ്പ്ലിറ്റ്-സീറ്റ് ഐബിഎസ് 98,425 രൂപയാണ് വില. അതേസമയം സ്പ്ലിറ്റ്-സീറ്റ് എബിഎസ് വേരിയന്‍റിന് 1.02 ലക്ഷം രൂപയാണ് വില.
സ്പ്ലിറ്റ്-സീറ്റ് ഐബിഎസ് വേരിയന്‍റിന് മുകളിലാണ് സിംഗിൾ സീറ്റർ വേരിയന്‍റ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. എന്നാൽസ്പ്ലിറ്റ്-സീറ്റ് എബിഎസ് വേരിയന്‍റിന് തൊട്ടുതാഴെയുമാണ് സിംഗിൾ സീറ്റർ വേരിയന്‍റിന്‍റെ സ്ഥാനം. ഒരു ലക്ഷം രൂപ വിലയുള്ള എക്‌സ്‌ട്രീം 125 ആറിന്‍റെ പുതിയ സിംഗിൾ സീറ്റ് വേരിയന്‍റ് അടുത്തിടെ പുറത്തിറക്കിയ ഹീറോ ഗ്ലാമർ എക്‌സിന്‍റെ ടോപ് വേരിയന്‍റിന് സമാനമാണ്.
പക്ഷേ, ഹീറോ ഗ്ലാമർ എക്‌സിൽ റൈഡ്-ബൈ-വയർ, ക്രൂയിസ് കൺട്രോൾ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ഫീച്ചറുകളും ലഭ്യമാവും. അതേസമയം ഹീറോ എക്‌സ്ട്രീം 125 ആറിൽ സിംഗിൾ-ചാനൽ എബിഎസ് ഉണ്ട്. ഹീറോ എക്സ്ട്രീം 125 ആറിന്‍റെ സിംഗിൾ-സീറ്റ് വേരിയന്‍റ് ഡ്രൈവർ, പില്യൺ പോലുള്ള സുഖസൗകര്യങ്ങൾ ഫീച്ചർ ചെയ്യുന്നുണ്ട്. എന്നാൽ സ്പ്ലിറ്റ്-സീറ്റ് വേരിയന്‍റിന്‍റെ അത്ര സ്‌പോർട്ടി ലുക്ക് ഇതിന് ലഭിക്കുന്നില്ല.
ഗ്ലാമർ എക്‌സിന്‍റെ അതേ 124.7 സിസി എഞ്ചിനിലാണ് ഹീറോ എക്‌സ്‌ട്രീം 125 ആർ വരുന്നത്. 11.5 ബിഎച്ച്‌പി പവറും 10.5 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. 5 സ്‌പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്. ഹീറോ എക്‌സ്‌ട്രീം 125 ആർ മോഡലിന്‍റെ പ്രധാന എതിരാളി ടിവിഎസ് റൈഡർ സിംഗിൾ-സീറ്റ് വേരിയന്‍റ് ആയിരിക്കും. 93,865 രൂപയാണ് ഇതിന്‍റെ എക്‌സ്-ഷോറൂം വില.
















