സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. യുപി ഗ്രേറ്റർ നോയിഡയിൽ ആണ് സംഭവം. 35 ലക്ഷം സ്ത്രീധന തുക നല്കാത്തതിന് നിക്കി എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ഭർത്താവ്, ഭർതൃമാതാവ് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു. വ്യാഴാഴ്ച ഭർത്താവും മാതാവും ചേർന്ന് നിക്കി എന്ന 28 വയസ്സുള്ള യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ഡിസംബറിൽ വിവാഹിതയായ നിക്കി ദീർഘകാലമായി പീഡനം സഹിച്ചിരുന്നതായി റിപ്പോർട്ട്.
ഭർത്താവ് വിപിൻ ഭാട്ടി മദ്യത്തിന് അടിമയാണെന്നും വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മറ്റൊരു സ്ത്രീയുമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പോലും ഭർത്താവ് ശ്രമിച്ചിരുന്നു. ഓഗസ്റ്റ് 21 ന് രാത്രിയിൽ നിക്കിയെ ക്രൂരമായി മർദ്ദിക്കുകയും പിന്നീട് അവളുടെ മേൽ പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.മരിച്ചയാളുടെ സഹോദരി വിപിനും കുടുംബത്തിനുമെതിരെ കസ്ന പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികളെ പിടികൂടാൻ അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ നിയമനടപടികൾ പുരോഗമിക്കുന്നു- ഗ്രേറ്റർ നോയിഡ എഡിസിപി സുധീർ കുമാർ പറഞ്ഞു.
STORY HIGHLIGHT:woman set ablaze by husband in laws over dowry demand
















