കൽപ്പറ്റ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ 45 -കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി. മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും മൂന്ന് കോഴിക്കോട് സ്വദേശികള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവ് കഴിഞ്ഞ 21 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മസ്തിഷ്ക ജ്വരം ബാധിച്ച മരിച്ച താമരശ്ശേരി സ്വദേശിയായ കുട്ടിയുടെ ഏഴു വയസുള്ള സഹോദരനും ചികിത്സയിലാണ്. ഈ കുട്ടിയുടെ മൂത്ത സഹോദരനും രോഗ ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. മലപ്പുറം സ്വദേശിയായ 49 കാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും അന്നശ്ശേരി സ്വദേശിയായ 38കാരനുമാണ് അമീബിക് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവർ. ഇതിനിടെയാണ് തിരുവനന്തപുരത്ത് ബാലരാമപുരം സ്വദേശിയായ 49കാരൻ പനി ബാധിച്ച് മരിച്ചത്.
കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. മൂക്കിനെയും തലച്ചോറിനെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുളള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുളള സുഷികരങ്ങള്‍ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്. രോഗ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
















